ന്യൂഡൽഹി: പാർലമെന്റിൽ നടന്ന സംഘർഷത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നാഗാലാൻഡ് വനിതാ എംപി ഫാംഗ്നോൻ കൊന്യാകിന്റെ പരാതിയിലാണ് നടപടി. വനിതാ എംപിമാരുടെ അന്തസ്സ് സംരക്ഷിക്കാൻ സഭാദ്ധ്യക്ഷൻമാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാട്കർ വ്യക്തമാക്കി. എല്ലായിടത്തും സ്ത്രീകൾക്ക് സമത്വവും അന്തസ്സും ബഹുമാനവും ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും കമ്മീഷൻ എടുത്തുപറഞ്ഞു.
പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം. രാഹുൽ തന്നോട് മോശമായി പെരുമാറിയെന്ന് വ്യക്തമാക്കി നാഗാലാൻഡ് വനിതാ എംപി രാജ്യസഭയിൽ തന്റെ ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി. രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നോട് അകാരണമായി തട്ടിക്കയറുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും അവർ പറഞ്ഞിരുന്നു. തുടർന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിന് അവർ പരാതി നൽകുകയും ചെയ്തു.
പാർലമെന്റ് വളപ്പിൽ നടന്ന സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ആക്രമിക്കുകയും വനിതാ എംപിയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ രാഹുലിനെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രജ്പുത് എന്നിവർക്കാണ് രാഹുലിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റത്. ബി.ആർ അംബേദ്കറിനെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് പാർലമെന്റ് പ്രവേശന കവാടമായ മകർദ്വാറിന് മുന്നിൽ വച്ച് ഉന്തും തള്ളും കയ്യേറ്റവുമുണ്ടായത്.















