തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിൽപെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ. മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പാക്കുന്ന ‘വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി’ ആദ്യം ഭരണാനുമതി നൽകിയ 12 കോടി രൂപ പകുതിയാക്കി വെട്ടി ചുരുക്കി ആറ് കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ആദ്യം അനുവദിച്ച 12 കോടി രൂപ പോലും തികയാതിരിക്കുന്ന അവസ്ഥയിലാണ് സർക്കാരിന്റെ ഈ കടുംവെട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് തുക വെട്ടിയത്. സ്കോളർഷിപ്പിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന ഒട്ടേറെ പേർക്കാണ് സാമ്പത്തിക സഹായം നഷ്ടമാകുന്നത്. 11,000 പേർക്ക് സ്കോളർഷിപ്പ് നൽകാനാണ് ഈ പണം തികയുക.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകൾ, ഗവേഷണം എന്നിവയ്ക്കായുള്ള സ്കോളർഷിപ്പ് തുക ഇനി പകുതി പേർക്ക് മാത്രമേ ലഭിക്കൂ. കടക്കെണ്ണി കണക്കിലെടുത്ത് എല്ലാ വകുപ്പുകളുടെയും പദ്ധതി വിഹിതം 50 ശതമാനം വെട്ടി കുറയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് തുകയും വെട്ടിച്ചുരുക്കിയത്.