പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും കേൾക്കാനും കുവൈറ്റിലെ ഇന്ത്യൻ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോദിയെ കാണാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ 101 കാരമായ മുൻ ഐഎഫ്എസ് ഓഫീസർ മംഗൾ സൈൻ ഹാൻന്ദയുമുണ്ട്.
മോദിയെ നേരിട്ട് കാണാനുള്ള മുത്തച്ഛന്റെ ആഗ്രഹം അദ്ദേഹത്തിന്റെ ചെറുമകൾ ശ്രേയ ജുനേജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിന്നു. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് തന്റെ നാനജിയെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു ജുനേജയുടെ പോസ്റ്റ്. മാത്രമല്ല വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി ജുനേജ ഇമെയിൽ അയക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തെ കാണാൻ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പറഞ്ഞു. ജുനേജയുടെ പോസ്റ്റും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.
Absolutely! I look forward to meeting @MangalSainHanda Ji in Kuwait today. https://t.co/xswtQ0tfSY
— Narendra Modi (@narendramodi) December 21, 2024
മംഗൾ സൈൻ ഹന്ദയുടെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു ആശംസ സന്ദേശമയച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സങ്കീർണ്ണമായ ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളെ പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം. പ്രധാനമന്ത്രി അയച്ച കത്ത് മംഗൾ സൈൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്ത് ഭരണാധികാരി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ത്യ- കുവൈത്ത് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ ലേബർ ക്യാമ്പ് സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.