കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് കേസെടുത്തത്. സമൂഹ മാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, കലാപമുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പേരിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബറാക്രമണം. സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെ പകർപ്പുകൾ സഹിതമാണ് പരാതി നൽകിയിരുന്നത്. അസിസ്റ്റൻ്റ് കമ്മീഷണർ എംകെ മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
പാതയോരങ്ങളിലെ ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കണമെന്ന നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉത്തരവിട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം രൂക്ഷമായത്.
കോടതി നടപടിക്രമങ്ങളും, കോടതിയും പൊതുസമൂഹത്തിന്റെ ഭാഗമെന്നതിനാൽ നീതി നടപ്പിലാക്കാൻ ശ്രമിക്കുന്നവരെ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നതും, വേട്ടയാടുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഇതിനെതിരെ പരാതി നൽകാനും പൊതുജനത്തിന് അവകാശമുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച പരാതിയിൽ പ്രത്യേകം പരാമർശിക്കുന്നു.