കുവൈത്ത് സിറ്റി: ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും അറബിക് ഭാഷയിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ച എഴുത്തുകാരനെയും പ്രസാധകനെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെത്തിയ നരേന്ദ്രമോദിയെ കാണാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. ദ്വിദിന സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി വരവേറ്റ ഇന്ത്യൻ സമൂഹത്തിനൊപ്പം അവരും ഉണ്ടായിരുന്നു. മോദിയെ കാണാൻ സാധിച്ചതിന് തൊട്ടുപിന്നാലെ തർജമ ചെയ്ത മഹാഭാരതവും രാമായണവും അവർ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറി.
അബ്ദുള്ള അൽ ബറൗൺ, അബ്ദുൾ ലത്തീഫ് അൽ നെസെഫ് എന്നിവരാണ് ഇതിഹാസ കാവ്യങ്ങൾ അറബിക് ഭാഷയിലേക്ക് തർജമ ചെയ്യുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. അബ്ദുള്ള അൽ ബറൗൺ തർജമ ചെയ്തപ്പോൾ പുസ്തകം പുറത്തിറക്കിയത് പ്രമുഖ കുവൈത്തി പ്രസാധകനായ അബ്ദുൾ ലത്തീഫ് ആയിരുന്നു.
നരേന്ദ്രമോദിയെ കാണാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും തർജമ ചെയ്ത കൃതികൾ അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നും അബ്ദുൾ ലത്തീഫ് പ്രതികരിച്ചു. നരേന്ദ്രമോദി ഒപ്പുവച്ച പുസ്തകങ്ങൾ ഇപ്പോൾ തങ്ങളുടെ കൈവശമുണ്ടെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.

മഹാഭാരതവും രാമായണവും അറബിക് ഭാഷയിൽ പുറത്തിറക്കിയതിന് പിന്നിൽ പ്രവർത്തിച്ച രണ്ട് വ്യക്തികളെക്കുറിച്ചും നേരത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അന്താരാഷ്‌ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക നയതന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
അബ്ദുള്ള അൽ ബറൗൺ, അബ്ദുൾ ലത്തീഫ് അൽ നെസെഫ് എന്നിവർ ചേർന്ന് ലോകത്തെ 30ഓളം പ്രസിദ്ധ കൃതികളും ഇതിഹാസങ്ങളുമാണ് അറബിക് ഭാഷയിലേക്ക് തർജമ ചെയ്തിട്ടുള്ളത്. രണ്ട് വർഷത്തോളം സമയമെടുത്താണ് മഹാഭാരതവും രാമായണവും തർജമ ചെയ്യാൻ സാധിച്ചതെന്ന് ട്രാൻസ്ലേറ്ററായ അബ്ദുള്ള അൽ ബറൗൺ പ്രതികരിച്ചിരുന്നു.
കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തിയത്. 43 വർഷത്തിനിടെ കുവൈത്ത് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
















