ന്യൂഡൽഹി: ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷന്റെ (ISSF) 2025 ലെ ജൂനിയർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. റൈഫിൾ, പിസ്റ്റൾ, ഷോർട്ട് ഗൺ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുക. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ഐഎസ്എസ്എഫ് കായിക പരിപാടിയാണിത്. നേരത്തെ 2023 ൽ ഭോപ്പാലിൽ സീനിയർ ലോകകപ്പിനും ഈ വർഷമാദ്യം ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യക്ക് (NRAI) ഐഎസ്എസ്എഫിന്റെ കത്ത് അയച്ചിരുന്നു. മികച്ച അന്താരാഷ്‌ട്ര ഷൂട്ടിംഗ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും കായികരംഗത്തെ വളർത്താൻ സഹായിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ രീതിയെ ഐഎസ്എസ്എഫ് പ്രസിഡൻ്റ് ലൂസിയാനോ റോസി പ്രശംസിച്ചതായി എൻആർഐ പ്രസിഡൻ്റ് കാളികേഷ് നാരായൺ സിംഗ് ദിയോ പറഞ്ഞു. രാജ്യത്തെ കായികരംഗം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്രസർക്കാരും കായികമന്ത്രാലയവും സാധ്യമായ എല്ലാ രീതിയിലും പിന്തുണ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ നടക്കുന്ന ഒൻപതാമത്തെ ടോപ് ലെവൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പാണിത്. ഇതിനുമുമ്പ് കോണ്ടിനെൻ്റൽ ചാമ്പ്യൻഷിപ്പുകൾക്കും ആറ് ഐഎസ്എസ്എഫ് മത്സരങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2025 ഓടെ ആദ്യത്തെ ഷൂട്ടിങ് ലീഗിനും (SLI) ഇന്ത്യ തുടക്കമിടുമെന്നാണ് പ്രതീക്ഷ.