കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്ത് ആരോഗ്യമേഖലയ്ക്ക് ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ വലിയ കരുത്താണെന്നും ഇന്ത്യൻ അദ്ധ്യാപകർ കുവൈത്തിന്റെ ഭാവിയെയാണ് വാർത്തെടുക്കുന്നതെന്നും മോദി പറഞ്ഞു. കുവൈത്ത് സിറ്റിയിലെ ഷെയ്ഖ് സാദ് അൽ അബ്ദുള്ള ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച ‘ഹലാ മോദി’ പരിപാടിക്കായി ഒത്തുകൂടിയ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വ്യാപാരത്തിലൂടെയും നവീകരണത്തിലൂടെയും പുതിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിലാണ് കുവൈത്ത്. ഇന്നോവേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ഇന്ത്യയും ശ്രമിക്കുന്നത്. പുതിയ കുവൈത്തിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഇന്നോവേഷനും മനുഷ്യാധ്വാനവും ഇന്ത്യക്കുണ്ട്. ലോകത്തിനാവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരി സമയത്ത് ഇന്ത്യക്ക് കുവൈത്ത് നൽകിയ പിന്തുണ അനുസ്മരിച്ച പ്രധാനമന്ത്രി കുവൈത്ത് ഭരണകൂടത്തിന് നന്ദി പറയുകയും ചെയ്തു. വൈറസ് വ്യാപനം ഉയർത്തുന്ന അതികഠിനമായ വെല്ലുവിളികളിലൂടെ ഇന്ത്യ കടന്നുപോകുമ്പോൾ ഭാരതത്തിന് ആവശ്യമായ ലിക്വിഡ് ഓക്സിജൻ സപ്ലൈ നൽകിയത് കുവൈത്താണെന്നും എല്ലാം നന്ദിയോടെ ഓർക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം നാഗരികതയുടെയും സമുദ്രത്തിന്റെയും വ്യാപാരത്തിന്റെയും കൂടിയാണ്. അറബിക്കടലിന്റെ രണ്ട് തീരങ്ങളിലായാണ് ഇന്ത്യയും കുവൈത്തും സ്ഥിതിചെയ്യുന്നത്. നയതന്ത്രത്താൽ മാത്രമല്ല ഹൃദയങ്ങൾ കൊണ്ടും ബന്ധിതമാണ് കുവൈത്തും ഇന്ത്യയും. വർത്തമാന കാലത്തിലെ സംഭവവികാസങ്ങൾ മാത്രമല്ല ഭൂതകാലത്തിൽ നടന്നതൊക്കെയും ഇരുരാജ്യങ്ങളെയും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞുവെച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം കുവൈത്തിനെ അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലും ഇന്ത്യ ഉൾപ്പെടുന്നു. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ഏറ്റവുമധികമുള്ളതും ഇന്ത്യക്കാരാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനവും പ്രാധാന്യമർഹിക്കുന്നു.