ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഭക്തന്റെ ഐഫോണും അബദ്ധത്തിൽ വീണു. എന്നാൽ ഫോൺ തിരികെ ചോദിച്ച യുവാവിന്റെ ആവശ്യം ക്ഷേത്രം അധികൃതർ തള്ളി. ഭണ്ഡാരത്തിൽ വീണതെല്ലാം ക്ഷേത്രത്തിന്റെ സ്വത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചെന്നൈയിലായിരുന്നു സംഭവം നടന്നത്.
തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റാണ് ഭക്തന്റെ ആവശ്യം നിരസിച്ചത്. ഭണ്ഡാരത്തിൽ പണമിടുന്നതിനിടെ കൈവശമുണ്ടായിരുന്ന ഐഫോണും വീഴുകയായിരുന്നു. ദിനേഷ് എന്നയാളുടെ ഫോണാണ് ഭണ്ഡാരത്തിൽ വീണത്. തിരുപോരൂരിലെ ശ്രീകണ്ഠസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. അബദ്ധം പിണഞ്ഞുവെന്ന് മനസിലായ ഉടൻ തന്നെ ദിനേഷ് ക്ഷേത്ര ഭരണസമിതിയെ വിവരമറിയിച്ചു.
ഭണ്ഡാരം തുറന്ന് പൈസ എണ്ണിത്തിട്ടപ്പെടുത്തിയ ക്ഷേത്രം ഭാരവാഹികൾ ഐഫോൺ കണ്ടെത്തിയപ്പോൾ ദിനേഷിനെ വിളിച്ചുവരുത്തി. ഫോൺ തിരികെ നൽകില്ലെന്നും ഡാറ്റ മാത്രം ദിനേഷിന് എടുക്കാമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു. എന്നാൽ ഡാറ്റ മാത്രമല്ല, ഫോൺ തന്നെ വേണമെന്ന് ദിനേഷ് വ്യക്തമാക്കി. തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിലേക്ക് വിഷയം എത്തിയപ്പോഴും നിരാശയായിരുന്നു ഫലം. ക്ഷേത്ര ഭണ്ഡാരത്തിൽ വീഴുന്നതെല്ലാം ദൈവത്തിന്റെ അക്കൗണ്ടിലേക്കാണ് പോവുകയെന്നായിരുന്നു മന്ത്രി പി.കെ ശേഖർ ബാബുവിന്റെ മറുപടി.
ഇതാദ്യമായല്ല തമിഴ്നാട്ടിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. 2023 മെയ് മാസത്തിൽ പഴനിയിലെ ഒരു ക്ഷേത്ര ഭണ്ഡാരത്തിൽ യുവതിയുടെ സ്വർണ മാല വീണുപോയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായെങ്കിലും ആ മാല തിരികെ നൽകാൻ ക്ഷേത്രം അധികൃതർ തയ്യാറായില്ല. എന്നാൽ യുവതിയുടെ സാമ്പത്തികനില പരിഗണിച്ച് ഭണ്ഡാരത്തിൽ വീണുപോയ മാലയുടെ അതേ വിലയും തൂക്കവുമുള്ള മറ്റൊരു മാല അധിതൃതർ നൽകി. ഭണ്ഡാരത്തിൽ വീണത് എന്തുതന്നെയാണെങ്കിലും അത് തിരികെ നൽകില്ലെന്ന ഉറച്ച നിലപാടാണ് തമിഴ്നാട്ടിലെ ക്ഷേത്രം അധികൃതർ മുന്നോട്ടുവച്ചത്.















