മരം കോച്ചുന്ന തണുപ്പുകാലത്ത് ബഹുഭൂരിപക്ഷം ആളുകളെയും കാത്തിരിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളായിരിക്കും. വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങി നിരവധി ചർമ്മ പ്രശ്‌നങ്ങളാണ് ഈ കാലത്ത് നേരിടുന്നത്. എന്നാൽ ഇനി മിക്ക ചർമ്മ പ്രശ്‌നങ്ങൾക്കും വെളിച്ചെണ്ണയിലൂടെ പരിഹാരം കാണാം.. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ചെറുപ്പം മുതലേ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കും വെളിച്ചെണ്ണ. ഇതിന്റെ ഗുണങ്ങൾ പഴമക്കാർ വായ്‌തോരാതെ പറയുന്നതും നാം കേട്ടിരിക്കും. തണുപ്പുകാലമോ വേനൽക്കാലമോ ഏതുമാകട്ടെ, സൗന്ദര്യം കാത്തുസൂക്ഷിക്കാൻ താത്പര്യപ്പെടുന്നവർ കരുതിയിരിക്കേണ്ട അവശ്യവസ്തു കൂടിയാണിത്. വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്. ഓലിക് ആസിഡ്, ഒമേഗ-9 ഫാറ്റി ആസിഡ് തുടങ്ങിയവയാൽ സമ്പുഷ്ടമാണ് വെളിച്ചെണ്ണ. ഇത് വരണ്ട ചർമ്മം ഇല്ലാതാക്കി ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
ചർമ്മത്തിനെന്ന പോലെ തലമുടിക്ക് കരുത്തേകുന്നതിനും വെളിച്ചെണ്ണ ഗുണകരമാണ്. മഞ്ഞിൽ നിന്നും സൂര്യരശ്മികളിൽ നിന്നും കവചം തീർക്കുന്ന തരത്തിലാണ് വെളിച്ചണ്ണ പ്രവർത്തിക്കുന്നത്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ടാനുകൾ, തിണർപ്പ്, ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.
തണുപ്പുകാലത്ത് വെളിച്ചെണ്ണ എങ്ങനെ പ്രയോഗിക്കാം..
ചർമ്മം വരണ്ടതാകാൻ സാധ്യതയുള്ള കാലമാണ് ശൈത്യകാലം. രാത്രികളിൽ വെളിച്ചെണ്ണ തേയ്‌ക്കുന്നത് വരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപായി അൽപം വെളിച്ചെണ്ണ ചൂടാക്കിയോ അല്ലാതെയോ കൈകാലുകളിൽ തേച്ച് പിടിപ്പിക്കുക. അൽപ നേരം മസാജ് ചെയ്ത് നൽകുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. ചുണ്ടുകൾ വരണ്ടതാകാനുള്ള സാധ്യതയും ഈ കാലത്തുണ്ട്. അതിനാൽ ശുദ്ധമായ വെളിച്ചെണ്ണ ചുണ്ടുകളിൽ പുരട്ടി കിടക്കാം..















