കോട്ടയം: മലയാള സിനിമയിലെ പുതിയ പരീക്ഷണമായ ഉണ്ണിമുകുന്ദന്റെ മാർക്കോയെ പരിഹസിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഹോളിവുഡ് സ്‌റ്റൈലിൽ മലയാളത്തിലെ ഇതുവരെ കാണാത്ത വയലൻസ് ചിത്രമെന്ന വിശേഷണത്തോടെ ഇറങ്ങി തിയറ്ററിൽ നിറഞ്ഞോടുന്ന സിനിമയിലെ വയലൻസിനെയാണ് സുരാജ് പരിഹസിച്ചത്. സുരാജിന്റെ പുതിയ സിനിമയായ എക്‌സ്ട്രാ ഡീസന്റിന്റെ (ED) പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ലുലു മാളിൽ നടന്ന പരിപാടിയിലായിരുന്നു കമന്റ്.
ഇതിൽ അങ്ങനെ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവ്വം പിള്ളേരുമായി പോകാം. എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചിൽ ആയി തിയറ്ററിൽ നിന്ന് തിരിച്ചുവരാം. കുടുംബചിത്രമാണെന്നും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സുരാജിന്റെ വാക്കുകൾ. സുരാജിന്റെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു.
കുടുംബത്തോടൊപ്പം രണ്ട് മണിക്കൂർ തിയറ്ററിൽ ചെന്നിരുന്ന് ഹാപ്പിയായി റിലാക്‌സ് ചെയ്ത് ചിൽ ആയി വരാൻ പറ്റുന്ന കൂൾ സിനിമ കൂടിയാണ് ഇഡി എന്നും സുരാജ് പറയുന്നു. പ്രേമലു സിനിമയിലുടെ ശ്രദ്ധേയനായ നടൻ ശ്യാം മോഹനും സുരാജിനൊപ്പം ഉണ്ടായിരുന്നു. ഇഡി സിനിമയിൽ ശ്യാംമോഹനും അഭിനയിക്കുന്നുണ്ട്. ഇഡി സിനിമയും മാർക്കോയും ഒരുമിച്ചാണ് റിലീസ് ചെയ്തത്. എന്നാൽ മാർക്കോയാണ് തിയറ്റർ പ്രതികരണങ്ങളിൽ മുന്നിൽ.
വയലൻസ് കൂടുതലായതിനാൽ എ സർട്ടിഫിക്കറ്റുമായാണ് മാർക്കോ തിയറ്ററിലെത്തിയത്. എന്നാൽ മാർക്കോ മലയാള സിനിമയിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നത്. മലയാളത്തിലെ പുതിയ പരീക്ഷണത്തിന് സിനിമാ ഇൻഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ കയ്യടിക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ പരിഹാസം.