ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ അശ്വിന് ആദരവ് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ക്രിക്കറ്റ് ലോകത്തെ അശ്വിന്റെ കരിയറും സംഭാവനകളും ഓർത്തെടുക്കുന്ന 2 പേജുള്ള കത്താണ് അദ്ദേഹം പങ്കുവച്ചത്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓഫ്സിപിന്നറായിരുന്ന താരത്തിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
അശ്വിൻ അന്തരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോൾ കളിക്കളത്തിൽ 99 എന്ന ജേഴ്സി നമ്പറിന്റെ വിടവ് നികത്താനാവാത്ത നഷ്ടമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 537 വിക്കറ്റുകൾ ഇന്ത്യയുടെ വിജയങ്ങളിൽ അശ്വിനുണ്ടായിരുന്ന നിർണായക സ്ഥാനം ചൂണ്ടിക്കാട്ടുന്നതാണെന്നും മോദി പറഞ്ഞു.
മൂന്ന് ഫോർമാറ്റുകളിലും ബാറ്ററായും ബൗളറായും തിളങ്ങുന്നതിന് അശ്വിൻ സ്വയം തന്നെ പരുവപ്പെടുത്തിയ രീതി ഭാവി താരങ്ങൾക്കും പ്രചോദനമാണ്. ക്രിക്കറ്റിന്റെ അംബാസഡറെന്ന നിലയിൽ കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ശോഭിക്കാൻ അശ്വിനായി. ക്രിക്കറ്റിനെയും പൊതുവിഷയങ്ങളെയും കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന ‘കുട്ടി സ്റ്റോറി’ കൾ ഇനിയും തുടരണമെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.
ഗാബയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011-ൽ ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറിയ താരം ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടി. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ താരം 116 ഏകദിനങ്ങളും 65 ട്വൻ്റി20യിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. മൂന്ന് ഫോർമാറ്റുകളിലുമായി 765 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നറുടെ സമ്പാദ്യം.















