ലഡാക്ക്: 1999 ൽ കാർഗിൽ സെക്ടറിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈനികർക്ക് വിവരം നൽകിയ താഷി നംഗ്യാലിന് ആദരവർപ്പിച്ച് സൈന്യം. കഴിഞ്ഞ ദിവസമാണ് ലഡാക്കിലെ ആര്യൻ താഴ്വരയിൽ താമസിച്ചിരുന്ന താഷി നംഗ്യാൽ അന്തരിച്ചത്. 58 വയസായിരുന്നു. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾക്ക് ഇന്ത്യൻ സൈന്യം കടപ്പെട്ടിരിക്കുന്നതായും അദ്ദേഹത്തിന്റെ നിസ്വാർത്ഥ ത്യാഗം എന്നെന്നും ഓർമിക്കപ്പെടുമെന്നും സൈന്യത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
“കാർഗിൽ യുദ്ധത്തിലേക്ക് നയിച്ച നുഴഞ്ഞുകയറ്റത്തെ കുറിച്ച് ആദ്യം വിവരം നൽകിയ താഷി നംഗ്യാലിന്റെ വിയോഗത്തിൽ സൈന്യം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായങ്ങളും പിന്തുണയും ഉറപ്പു നൽകിയിട്ടുണ്ട്;” ലേ ആസ്ഥാനമായുള്ള സൈന്യത്തിന്റെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് എക്‌സിൽ കുറിച്ചു.
1999-ലെ കാർഗിൽ യുദ്ധസമയത്ത് പാക് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് നിർണായക വിവരം നൽകിയ ആളാണ് നംഗ്യാൽ. ബട്ടാലിക് പർവതനിരകളിൽ തന്റെ കാണാതായ യാക്കുകളെ തിരഞ്ഞു നടക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ വസ്ത്രം ധരിച്ച് ബങ്കറുകൾ കുഴിക്കുന്ന പാകിസ്താൻ പട്ടാളക്കാരെ കാണുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ നംഗ്യാൽ വിവരം ഉടൻതന്നെ സൈന്യത്തെ അറിയിച്ചു. കാർഗിൽ യുദ്ധത്തിൽ, ശ്രീനഗർ-ലേ ഹൈവേ വേർപെടുത്താനുള്ള പാകിസ്താന്റെ രഹസ്യ ദൗത്യം പരാജയപ്പെടുത്താൻ ഇത് സേനയ്‌ക്ക് സഹായകമായി.
ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമടങ്ങുന്നതാണ് നംഗ്യാലിന്റെ കുടുംബം. ലഡാക്കിലെ ആര്യൻ താഴ്‌വരയിലെ ഗാർഖോണിലാണ് താമസം. ഈ വർഷം ആദ്യം ദ്രാസിൽ നടന്ന 25-ാമത് കാർഗിൽ വിജയ് ദിവസിൽ നംഗ്യാൽ പങ്കെടുത്തിരുന്നു.