അഹമ്മദാബാദ്: ബാറ്റിങ്ങിലും ബൗളിങ്ങിലും കത്തിക്കയറിയ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ആധികാരിക വിജയം. സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് വിജയലക്ഷ്യമുയർത്തി. രേണുക സിംഗ് താക്കൂറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ വരിഞ്ഞുമുറുക്കി ഇന്ത്യക്ക് 211 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിച്ചു.
ടോസ്‌നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച വെസ്റ്റിൻഡീസിന്റെ പ്രതീക്ഷകൾ തെറ്റി. സ്മൃതിയും സ്‌മൃതി അരങ്ങേറ്റക്കാരി പ്രതീക റാവലും ചേർന്ന് ആദ്യ വിക്കറ്റിൽ 110 റൺസ് ചേർത്തു. സ്‌മൃതിക്ക് 9 റൺസകലെ സെഞ്ച്വറി നഷ്ടമായി. 44 റൺസെടുത്ത ഹർലീൻ ഡിയോളും 34 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്നാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് മോശം തുടക്കമായിരുന്നു. നേരിട്ട ആദ്യപന്തിൽ തന്നെ ക്വാന ജോസഫ് റണ്ണൗട്ടായി. റഷാദാ വില്യംസും ഡിയാൻഡ്ര ഡോട്ടിനും 3 ഉം 8 ഉം റൺസെടുത്ത് മടങ്ങി. ടോപ് ഓർഡർ തകർന്നടിഞ്ഞതോടെ വിൻഡീസിന് ഒരു ഘട്ടത്തിലും തിരിച്ചുവരാനായില്ല. ശേഷിക്കുന്ന വിക്കറ്റുകളും 103 റൺസിനിടെ വീണതോടെ വിൻഡീസിന് വമ്പൻ തോൽവിയും. 29 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകളെടുത്ത രേണുക സിംഗാണ് കളിയിലെ താരം.
വഡോദര സ്റ്റേഡിയത്തിൽ നടന്ന ആദ്യ അന്താരാഷ്‌ട്ര മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും ഇന്ത്യക്ക് സ്വന്തമായി. നാട്ടിൽ ഒരു ടീമിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഏറ്റവും വലിയ രണ്ടാമത്തെ ടോട്ടലാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ പിറന്നത്. പരിക്കിന്റെ പിടിയിൽ നിന്നും തിരികെയെത്തി 34 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഏകദിനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ 1000 റൺസ് പിന്നിടുന്ന പത്താമത്തെ ഇന്ത്യൻ താരമായി. മിതാലിക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ.