കഴിഞ്ഞ ദിവസമായിരുന്നു ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇരുന്നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണമുണ്ടായത്. സൗദി പൗരനായ ഡോക്ടർ BMW കാറിൽ വരികയും മാർക്കറ്റിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. സാധാരണക്കാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുകയറിയ കാർ നിരവധി പേരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മനഃപൂർവമുള്ള ഈ ആക്രമണത്തിന് പിന്നിൽ തലേബ് അൽ അബ്ദുൾ മൊഹ്സൻ എന്നയാളാണെന്ന് പൊലീസ് പറയുന്നു. ആക്രമണ വിവരം പരന്നപ്പോൾ തന്നെ ഒപ്പം പ്രചരിച്ച കാര്യമായിരുന്നു പ്രതി എക്സ്-മുസ്ലീം ( Ex-Muslim) ആണ് എന്നുള്ളത്. എന്നാൽ തലേബ് നിരീശ്വരവാദി അല്ലെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇസ്ലാം മതം വിട്ടവനായി സ്വയം ചിത്രീകരിച്ചതെന്നുമാണ് എക്സ്-മുസ്ലീങ്ങളുടെ ആരോപണം.
എത്തീസ്റ്റ് ഇമേജ് (നിരീശ്വരവാദി) സൃഷ്ടിച്ച പ്രതി യഥാർത്ഥത്തിൽ ഷിയ തീവ്രവാദിയാണെന്നും കഴിഞ്ഞ ഏതാനും വർഷമായി ഇയാൾ ഇസ്ലാംമത വിമർശകനായി ചമഞ്ഞ് ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ജർമനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സ്-മുസ്ലീം ഗ്രൂപ്പുകൾ പറയുന്നു. തലേബിനൊപ്പം പ്രവർത്തിക്കുകയും പലപ്പോഴും സംസാരിക്കുകയും ചെയ്തതിൽ നിന്ന് ചില സംശയങ്ങൾ തോന്നിയിരുന്നതായാണ് എക്സ്-മുസ്ലീങ്ങൾ പറയുന്നത്. സൗദിയിൽ നിന്നുള്ള സ്ത്രീകളോട് തലേബ് പെരുമാറിയിരുന്ന രീതി ശരിയല്ലെന്നും ഇവർ ആരോപിക്കുന്നു. ഇസ്ലാമിലുള്ള തഖിയ ആണ് തലേബ് നടപ്പിലാക്കിയതെന്ന സംശയവും അവർ പങ്കുവെക്കുന്നുണ്ട്.
ഇസ്ലാമിക ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ നുണ പറയുന്നതും വഞ്ചന കാണിക്കുന്നതും അനുവദിക്കുന്ന ഇസ്ലാമിലെ സിദ്ധാന്തമാണ് തഖിയ. ഇതുപ്രകാരം തലേബ് സ്വയം ഇസ്ലാം വിമർശകനായും നിരീശ്വരവാദിയായും ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് എക്സ്-മുസ്ലീം എന്ന ടാഗ് സോഷ്യൽമീഡിയയിലൂടെ സ്വന്തമാക്കി ആക്രമണം നടത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. പ്രതി യഥാർത്ഥത്തിൽ ഇസ്ലാം മത വിമർശകൻ തന്നെയാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.