വിവാഹമോചിതരും ഭാര്യമരിച്ചവരുമായ ധനികരെ വിവാഹത്തട്ടിപ്പിൽപ്പെടുത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. ജയ്പൂർ പൊലീസാണ് നിക്കി എന്ന സീമയെ പിടികൂടിയത്. ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായി, ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്റ്റ്വെയർ എൻജിനീയർ, ജയ്പൂരിൽ നിന്നുള്ള ഒരു ജ്വല്ലറി ഉടമ എന്നിവരാണ് ഇതുവരെ പരാതിയുമായി രംഗത്തുവന്നത്. വ്യവസായിൽ നിന്ന് 75 ലക്ഷം രൂപയും എൻജിനിയറിൽ നിന്ന് പത്ത് ലക്ഷവും ജ്വല്ലറി ഉടമയിൽ നിന്ന് 36.5 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളുമാണ് ഇവർ തട്ടിയെടുത്തത്.
34-കാരിയായ ഇവർ അഭിഭാഷകയെന്നാണ് വിവരം. മാട്രിമോണിയൽ സൈറ്റുവഴിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ധനികരായ വിവാഹമോചിതരെയും വിഭാര്യരെയും ലക്ഷ്യം വയ്‌ക്കും. ഇവരുമായി പരിചയപ്പെട്ട്, സ്വത്ത് വിവരം മനസിലാക്കും. ശേഷമാണ് വിവാഹത്തിലേക്ക് കടക്കുക. കുടുംബത്തിന്റെ വിശ്വാസം ആർജിക്കാൻ മൂന്നോ നാലോ മാസം ഇവർക്കാെപ്പം കഴിഞ്ഞിട്ടാകും തട്ടിപ്പിന് കളമൊരുക്കുന്നതും മുങ്ങുന്നതും. പിടിക്കപ്പെട്ടാൽ ഇരകൾക്കെതിരെ ഗാർഹിക പീഡന കേസുകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും.
ഡെറാഡൂണിലെ ഭർത്താവിനെയും കുടുംബത്തെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ജയ്പൂർ പൊലീസ് ഇവരെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അമിത് കുമാർ പറഞ്ഞു. ഇവരുടെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്തുവരണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 14 ദിവസം പ്രതിയെ റിമാൻഡ് ചെയ്തു.