ന്യൂഡൽഹി: 136 വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ ഭിലായ് റെയിൽവേ സ്റ്റേഷനെ അടിമുടി മാറ്റി കേന്ദ്രസർക്കാർ. മോദി സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ യോജനയ്‌ക്ക് കീഴിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. ഛത്തീസ്‌ഗഡിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഭിലായ്. സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ 1888 ലാണ് ഭിലായ് സ്റ്റേഷൻ സ്ഥാപിതമാകുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്നേ നിലവിലുള്ള സ്റ്റേഷനിൽ 136 വർഷങ്ങൾക്കിടയിൽ കാര്യമായ നവീകരണങ്ങളോ നിർമ്മാണപ്രവർത്തനങ്ങളോ നടന്നിരുന്നില്ല. എന്നാൽ എല്ലാ ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയതിയാണ് അമൃത് ഭാരത് സ്റ്റേഷൻ യോജനയ്‌ക്ക് കീഴിൽ ഭിലായ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. സ്റ്റേഷനും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. യാത്രക്കാർക്കായി എസി, വെയിറ്റിംഗ് ഹാൾ, തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തി.
സ്റ്റേഷനുപുറത്ത് മോടി കൂട്ടാൻ ഒരു ഡമ്മി എൻജിൻ സ്ഥാപിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപം സ്ഥാപിച്ച ഡിസ്പ്ലേയിലൂടെ യാത്രക്കാർക്ക് സ്റ്റേഷന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാം. പാർക്കിംഗ് ക്രമീകരണങ്ങൾ, മെച്ചപ്പെട്ട ലൈറ്റിംഗ്, ടിക്കറ്റ് വാങ്ങുന്നതിനും ട്രെയിൻ വിവരങ്ങൾക്കും ഇ-എടിഎം മെഷീനുകൾ പോലുള്ള സൗകര്യങ്ങൾ. നവീകരിച്ച പ്രവേശന കവാടങ്ങൾ, ശൗചാലയങ്ങൾ, കുടിവെള്ളം, അധിക പ്ലാറ്റ്ഫോമുകൾ എന്നിങ്ങനെ സമഗ്രമായ വികസനമാണ് സ്റ്റേഷനിൽ നടപ്പാക്കിയിരിക്കുന്നത്.















