ആരോഗ്യനില വഷളായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെൻഡുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള താരത്തിന് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ചില ടെസ്റ്റുകളും നടത്തിയിട്ടുണ്ട്. 52-കാരൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ശനിയാഴ്ച ഏറെ വൈകിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെങ്കിലും. അപകടനില തരണം ചെയ്തിട്ടില്ല. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് താരം. താനെയിലെ പ്രഗതി ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്.
ഉറ്റ സുഹൃത്ത് സച്ചിൻ ടെഡുൽക്കറുമായുള്ള കൂടിക്കാഴ്ചയാണ് താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്. ബാല്യകാല പരിശീലകൻ രമാകാന്ത് അച്ഛരേക്കറുടെ ഓർമ പുതുക്കൻ ഒത്തുക്കൂടിയപ്പോഴാണ് ഇരുവരും ഏറ്റവും ഒടുവിൽ കണ്ടുമുട്ടിയത്. ഇതിനിടെ മദ്യപിച്ച് ലക്കുകെട്ട കാംബ്ലിയുടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പരസാഹയമില്ലാതെ നിൽക്കാൻ പോലുമാകാതെ കുഴഞ്ഞു വീഴുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന് ശേഷം കാംബ്ലിയെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മദ്യപാനം നിർത്തിക്കുകയും ചെയ്തിരുന്നു.