ഇന്ത്യൻ സിനിമാ ലോകത്ത് 40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഉണ്ടാവുന്നതെന്ന് മോഹൻലാൽ. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയുമായാണ് താൻ വന്നിരിക്കുന്നതെന്നും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് ബറോസെന്നും മോഹൻലാൽ പറഞ്ഞു. ബറോസിലെ പ്രധാന അനിമേറ്റഡ് കഥാപാത്രമായ വൂഡുവിന്റെ കാരക്ടർ വീഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാൻ സിനിമയിൽ എത്തിയിട്ട് 47 വർഷമായി. പ്രേക്ഷകരുടെ സ്നേഹവും പ്രാർത്ഥനയും കൊണ്ട് 47 വർഷം ഞാൻ സിനിമാ മേഖലയിൽ സജീവമായി നിന്നു. അങ്ങനെയാണ് ഒരു സിനിമ ചെയ്യണമെന്ന ചിന്ത മനസിലേക്ക് വന്നത്. അങ്ങനെ എന്തെങ്കിലും സിനിമയല്ല, വ്യത്യസ്തമായി ആരും ചെയ്യാത്തൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചു. തുടർന്നാണ് ത്രീഡി സിനിമയിലേക്ക് ഞങ്ങൾ എത്തിയത്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ത്രീഡി സിനിമ ചെയ്യാൻ രണ്ട് പേർ പ്ലാൻ ചെയ്തെങ്കിലും അത് നടന്നില്ല”.
“47 വർഷം വലിയ കലാകാരന്മാരോടൊപ്പം അഭിനയക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രേം നസീർ, അമിതാഭ് ബച്ചൻ, നെടുമുടി വേണു, മമ്മൂട്ടി ഇവരോടൊപ്പമൊക്കെ അഭിനയിക്കാൻ കഴിഞ്ഞു. മലയാളത്തിലെ നടന്മാരെല്ലാം ഉഗ്രൻ കലാകാരന്മാരാണ്. പുറത്തുപോകുമ്പോഴാണ് മലയാള സിനിമയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിക്കുന്നത്. പുറത്തുള്ളവരെല്ലാം മലയാള സിനിമയെ ആസ്വദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു”.
“ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ആനിമേറ്റഡ് കഥാപാത്രത്തിനൊപ്പം ഒരു നടൻ സിനിമയിൽ മുഴുനീളം സീനുകൾ ചെയ്യുന്നത്. ഒരു മാജിക് വണ്ടർലാൻഡിലൂടെ നമുക്ക് സഞ്ചരിക്കാം. കഠിനാധ്വാനത്തിലൂടെയാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നതെന്നും” മോഹൻലാൽ പറഞ്ഞു.