ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ട്രെയിനുമാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്ലീപ്പർ ട്രെയിൻ ശ്രീനഗറിനെയും ഡൽഹിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സർവീസ് നടത്തും. കത്ര-ബരാമുള്ള റൂട്ടിലായിരിക്കും വന്ദേഭാരത് ചെയർ കാർ.
സ്ലീപ്പർ ട്രെയിനിൽ ഡൽഹിയിൽ നിന്നും 13 മണിക്കൂർ യാത്രയാണ് കാശ്മീരിലേക്കുള്ളത്. കശ്‌മീരിലെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹീറ്റിംഗ് സംവിധാനം ട്രെയിനിലുണ്ട്. മഞ്ഞുപുതച്ച മലനിരകളിലൂടെയും 359 മീറ്റർ ഉയരമുള്ള ഏറ്റവും വലിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെയുമാണ് യാത്ര. പ്രീമിയം സുഖ സൗകര്യങ്ങളോടുകൂടിയ യാത്ര സഞ്ചാരികൾക്ക് മനോഹരമായ കാഴ്ച വിരുന്നൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇവയിൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം കത്ര-ബാരാമുള്ള റൂട്ടിൽ സർവീസ് നടത്താനൊരുങ്ങുന്ന വന്ദേഭാരതിന് 8 കോച്ചുകൾ ഉണ്ടാകും. ചെയർ കാർ സീറ്റിംഗ് സൗകര്യമാണ് പ്രത്യേകത. വാട്ടർ ടാങ്കുകൾ തണുപ്പിൽ ഫ്രീസാകുന്നത് തടയാൻ സിലിക്കൺ ഹീറ്റിങ് പാഡുകൾ, പ്രത്യേകം രൂപകൽപന ചെയ്ത ടോയ്‌ലറ്റുകൾ, എന്നിവയുമുണ്ട്. പൂജ്യത്തിന് താഴെയുള്ള താപനിലയായതിനാൽ മഞ്ഞ് രൂപപ്പെടുന്നത് തടയാൻ സഹായകമായ ഹീറ്റിങ് ഘടകങ്ങൾ ഉപയോഗിച്ചാണ് ലോക്കോ പൈലറ്റുമാരുടെ മുന്നിലുള്ള ഗ്ലാസ് നിർമ്മിച്ചിരിക്കുന്നത്.
246 കിലോമീറ്ററുള്ള കത്ര-ബാരാമുള്ള റൂട്ടിൽ നിലവിലുള്ളത് 10 മണിക്കൂർ നീണ്ട ബസ് യാത്രയാണ്. എന്നാൽ വന്ദേ ഭാരത്തിന്റെ വരവോടെ യാത്ര സമയം മൂന്നര മണിക്കൂറായി കുറയും. പുതിയ സർവീസുകൾ അടുത്ത മാസത്തോടെ ആരംഭിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കായി കത്രയിൽ നിന്നും ഡൽഹിയിലേക്ക് 16 കോച്ചുകളുള്ള വന്ദേഭാരത് നിലവിൽ സർവീസ് നടത്തുന്നുണ്ട്.