ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ അമേരിക്കൻ സന്ദർശനം ഡിസംബർ 24 മുതൽ 29 വരെ നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ഐതിഹാസിക വിജയം നേടിയതിന് ശേഷമുള്ള ആദ്യ ഉന്നതതല ഔദ്യോഗിക സന്ദർശനമാകുമിത്. നിർണായകമായ ഉഭയകക്ഷി ചർച്ചകളും ആഗോള, പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും യുഎസ് വിദേശകാര്യമന്ത്രിയുമായി ജയശങ്കർ നടത്തുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും വിവിധ മേഖലകളിൽ ആഴത്തിലുള്ള സഹകരണത്തിനായി വഴികൾ ആരായുന്നതിനും ജയശങ്കറുടെ സന്ദർശനം സഹയാകമാകുമെന്നാണ് വിലയിരുത്തൽ. യുഎസ് സന്ദർശനത്തിനിടെ വാഷിംഗ്ടണിൽ നടക്കുന്ന കോൺസുൽ ജനറൽ കോൺഫറൻസിന് വിദേശകാര്യമന്ത്രി അദ്ധ്യക്ഷത വഹിക്കും.
ഇന്ത്യയിലുള്ള അമേരിക്കൻ പ്രതിനിധി എറിക് ഗാർസെറ്റി ഇന്ത്യ-യുഎസ് ബന്ധം ഉയർത്തിക്കാട്ടി കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രമാത്രം പ്രോ-അമേരിക്കനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നായിരുന്നു നരേന്ദ്രമോദിയെക്കുറിച്ച് ഗാർസെറ്റി പറഞ്ഞത്. കൂടാതെ, യുഎസ് ചരിത്രത്തിൽ ഇത്രമാത്രം പ്രോ-ഇന്ത്യൻ കാഴ്ചപ്പാടുകൾ പങ്കുവച്ച മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്ന് ജോ ബൈഡനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം എക്കാലത്തെയും മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിലായിരുന്നു യുഎസ് പ്രതിനിധിയുടെ പ്രതികരണം.