ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ധനസഹായമെത്തിച്ചത്. മരിച്ച രേവതിയുടെ ഭർത്താവിനെ നേരിൽക്കണ്ട നിർമാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
BREAKING: Cheque of ₹5⃣0⃣ lacs given to Allu Arjun's Pushpa 2 stampede victim family by the film's producer. pic.twitter.com/gaPlcQU7DC
— Manobala Vijayabalan (@ManobalaV) December 23, 2024
തെലങ്കാന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയോടൊപ്പമായിരുന്നു സിനിമയുടെ അണിയറപ്രവർത്തകരെത്തിയത്. അപകടത്തിൽ രേവതി മരിക്കുകയും മകൻ ശ്രീ തേജ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. കിംസ് ആശുപത്രിയിൽ കഴിയുന്ന ശ്രീ തേജിനെ സന്ദർശിച്ച സിനിമാ പ്രവർത്തകർ രേവതിയുടെ ഭർത്താവ് ഭാസ്കറിന് ചെക്ക് നൽകി.
അപകടമുണ്ടായതിന് പിന്നാലെ പുഷ്പ-2 നായകൻ അല്ലു അർജുൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയുടെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും അഞ്ച് ലക്ഷം രൂപ സഹായം നൽകുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ നിർമാണ കമ്പനി സഹായവുമായി എത്തിയത്.
ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ റിലീസിന് തലേന്നാണ് അപകടമുണ്ടായത്. പ്രീമിയർ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതോടെ ആരാധകർ നിലമറന്ന് പെരുമാറുകയും തീയേറ്ററിന്റെ ഗേറ്റ് തകരുകയും ചെയ്തു. ഇതിനിടെയുണ്ടായ തിരക്കിലാണ് രേവതിയും മകനും കുഴഞ്ഞുവീണത്. സംഭവസ്ഥലത്ത് വച്ച് തന്നെ രേവതി മരിച്ചു. മകൻ ചികിത്സയിൽ തുടരുകയാണ്.