ഗുവാഹത്തി: ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ചതിന്റെ ഭാഗമായി അറസ്റ്റിലായത് 5,348 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള കണക്കാണിത്. ബാലവിവാഹവുമായി ബന്ധപ്പെട്ട് 5,842 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ കണക്കാണിത്.
അസം പൊലീസ് പങ്കുവച്ച കണക്കുകൾ പ്രകാരം, ശൈശവ വിവാഹത്തിനെതിരായ ആദ്യ ഡ്രൈവ് 2023 ഫെബ്രുവരിയിലും രണ്ടാമത്തെ ഡ്രൈവ് 2023 ഒക്ടോബറിലും ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 21-22 ദിവസങ്ങളിലായി നടന്ന മൂന്നാം ഘട്ട ഡ്രൈവിൽ 431 പേരെ കൂടി അസം പൊലീസ് അറസ്റ്റ് ചെയ്തു. 345 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. ശൈശവ വിവാഹമെന്നത് സംസ്ഥാന വ്യാപകമായ പ്രശ്നമാണെങ്കിൽ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് ഏറ്റവും കൂടുതൽ ശൈശവ വിവാഹക്കേസുകൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ട ഡ്രൈവിൽ 3,425 പേരെ അറസ്റ്റ് ചെയ്യുകയും 4,387 കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ടാം ഘട്ടത്തിൽ 913 പേരെ അറസ്റ്റ് ചെയ്യുകയും 682 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരം, ശൈശവ വിവാഹം എന്ന തിന്മയ്‌ക്കെതിരെ അസം പൊലീസ് തുടർച്ചയായി പോരാടുകയാണെന്ന് എഡിജിപി (സിഐഡി) എംപി ഗുപ്ത പ്രതികരിച്ചു. ശൈശവ വിവാഹം എന്ന സാമൂഹിക തിന്മയെ 2025-ഓടെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർത്താക്കന്മാർ, കുടുംബംഗങ്ങൾ, കാസിമാർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പടെുന്നു. ശൈശവ വിവാഹത്തിനെതിരായ ഇത്തരം സ്പെഷ്യൽ ഡ്രൈവുകളുടെ ഫലമായി അസമിൽ ശിശുമരണ നിരക്കും (Infant Mortality Rate) മാതൃമരണ നിരക്കും (Maternal Mortality Rate) ഗണ്യമായി കുറഞ്ഞെന്നും എഡിജിപി അറിയിച്ചു.