ന്യൂഡൽഹി: ഇന്ത്യയും യുഎസും ചേർന്ന് സംയുക്തമായി വികസിപ്പിച്ച നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ 2025 മാർച്ചിൽ വിക്ഷേപിക്കുമെന്ന് നാസ. പത്ത് വർഷമെടുത്ത് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ചെലവേറിയ ദൗത്യമാണിത്. നാസ-ഇസ്രോ സിന്തറ്റിക് അപ്പെർച്ചർ റഡാറെന്നതിന്റെ ചുരുക്കെഴുത്താണ് ‘നിസാർ’ (NISAR). ഈ വർഷം അവസാനത്തോടെ വിക്ഷേപണം നടക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ നാസ അറിയിച്ചിരുന്നത്.
നിസാറിന് ഭൂമിയുടെ എല്ലാ ഭാഗങ്ങളും നിരീക്ഷിക്കാൻ കഴിയും. ഗ്രഹത്തിന്റെ ആവാസവ്യവസ്ഥ, കര, കടൽ, മഞ്ഞ് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ സാറ്റലൈറ്റ് ഓരോ 12 ദിവസം കൂടുമ്പോഴും രണ്ട് തവണ നിരീക്ഷിക്കും. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. 2014 ൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച കരാറിന് പിന്നാലെയാണ് സാറ്റലൈറ്റിന്റെ നിർമ്മാണം ആരംഭിച്ചത്. 2.8 ടൺ ഭാരമുള്ള ഉപഗ്രഹത്തിന്റെ നിർമ്മാണ ചെലവ് ഏകദേശം 5,800 കോടി രൂപയാണ്.
നാസയുടെ L-ബാൻഡ് (1.25 GHz ), ഐഎസ്‌ആർഒയുടെ S-ബാൻഡ് (3.20 GHz ) എന്നീ ഇരട്ട ഫ്രീക്വൻസി റഡാറുകൾ കൃത്യമായ ഡാറ്റകൾ ലഭ്യമാക്കും. ഇവയ്‌ക്ക് പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലങ്ങളും കൃത്യമായി മനസിലാക്കി ശാസ്ത്രജ്ഞർക്ക് വിവരങ്ങൾ നൽകാൻ കഴിയും. വനങ്ങളിലെയും തണ്ണീർത്തടങ്ങളിലെയും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും, ഭൂകമ്പം, മണ്ണിടിച്ചിൽ, അഗ്നിപർവത പ്രവർത്തനങ്ങൾ തുടങ്ങിയ ഭൂമിയുടെ പുറംപാളിയിലെ മാറ്റങ്ങൾ നിസാർ വളരെ വേഗം പിടിച്ചെടുക്കും. ഇത് പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടങ്ങൾ കുറയ്‌ക്കാൻ സഹായിക്കും.