മലയാള സിനിമാ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മലയാളി പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് മാർക്കോയുടെ വിജയമെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടെ, സോഷ്യൽ മീഡിയയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ.
ഒരു ചാനൽ അഭിമുഖത്തിൽ കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടുന്ന ഉണ്ണി മുകുന്ദൻ, വർഷങ്ങൾക്കിപ്പുറം മാർക്കോയിൽ കസറുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് വൈറലാവുന്നത്. അഭിമുഖത്തിൽ തന്റെ സുഹൃത്തിന്റെ വാക്കുകൾ കേട്ട് സങ്കടം സഹിക്കാനാവാതെ തലകുനിച്ചിരിക്കുന്ന ഉണ്ണി മുകുന്ദനെ വീഡിയോയിൽ കാണാം. “കരിയറിന് വേണ്ടി ജോലി ഉപേക്ഷിച്ചു, ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിക്കുന്ന സാഹചര്യത്തിലൂടെ പോലും നിങ്ങൾ കടന്നുപോയിട്ടുണ്ട്. എങ്ങനെയാണ് ഉണ്ണി, നിങ്ങൾ ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്തത്”- എന്നാണ് സുഹൃത്ത് ചോദിക്കുന്നത്. ഇത് ചോദിക്കുന്നതും ഒരു വാക്ക് പോലും മിണ്ടാനാവാതെ കലങ്ങിയ കണ്ണുകളുമായി തല കുനിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
അന്ന് കരഞ്ഞ ഉണ്ണി മുകുന്ദൻ ഇന്ന് എത്തി നിൽക്കുന്നത് മലയാളത്തിന്റെ റിബൽ സ്റ്റാർ എന്ന വിശേഷണം നേടിക്കൊണ്ടാണ്. മാർക്കോയിലെ ഉഗ്രൻ ആക്ഷൻ സീനുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോയ്‌ക്ക് പിന്നാലെ താരത്തെ പിന്തുണച്ച് ആരാധകരും എത്തി. ഉണ്ണി മുകുന്ദൻ അർഹിച്ച അംഗീകാരം അദ്ദേഹത്തെ തന്നെ തേടിയെത്തിയെന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.
റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 30 കോടിയാണ് മാർക്കോ നേടിയത്. ചിത്രം വൈകാതെ 100 കോടി ക്ലബിൽ കയറുമെന്നാണ് വിലയിരുത്തൽ.















