ഇന്തോ-പസഫിക് മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്‌ട്രീയ-സാമ്പത്തിക-നയതന്ത്ര വികാസങ്ങളിൽ ദ്രുതഗതിയിലുള്ള ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ വളർച്ച ആണയിട്ട് സൂചിപ്പിക്കുകയാണ് ബ്രഹ്മോസ് മിസൈൽ. കൃത്യതയുടെയും പങ്കാളിത്തത്തിന്റെയും പ്രതീകമായി ഉയർന്നുവരുന്നതിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങാൻ 700 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായിരിക്കുകയാണ് വിയറ്റ്നാം. ഇതോടെ ഇന്ത്യ-വിയറ്റ്നാം പ്രതിരോധ ബന്ധത്തിൽ പുതിയ അദ്ധ്യായത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇന്തോ-റഷ്യൻ സഹകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ബ്രഹ്മോസ് എങ്ങനെയാണ് അന്താരാഷ്‌ട്ര പ്രതിരോധ വിപണിയിൽ ഇത്രമാത്രം ഡിമാൻഡുള്ള ആയുധമായി മാറിയത്? നോക്കാം..
തുടക്കം..
മിസൈലിന്റെ സ്രഷ്ടാക്കൾ ഇന്ത്യയും റഷ്യയും ആയതിനാൽ ഇന്ത്യയുടെ ബ്രഹ്മപുത്ര നദി, റഷ്യയിലെ മോസ്‌ക്വ നദി എന്നിവയുടെ നാമങ്ങൾ കൂട്ടിച്ചേർത്ത പദമാണ് മിസൈലിന് പേരായി നൽകിയത്. 1998 ൽ സ്ഥാപിതമായ ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സംയുക്ത സൃഷ്ടിയാണ് ഈ മിസൈൽ.
Mach 3 വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലാണിത്. ഒപ്പം ഇതിന് സമാനതകളില്ലാത്ത കൃത്യത, 300-കിലോമീറ്റർ ദൂരപരിധി (കൂടുതൽ ദൂരത്തേക്ക് കുതിക്കാൻ നൂതന പതിപ്പുകൾക്ക് കഴിയും), കരയിൽ നിന്നോ കടലിൽ നിന്നോ വായുവിൽ നിന്നോ വിക്ഷേപിക്കാനുള്ള ശേഷി എന്നിവ ബ്രഹ്മോസിന്റെ സവിശേഷതയാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 2017ൽ നടത്തിയ പരീക്ഷണത്തിലാണ് ബ്രഹ്മോസ് അതിന്റെ വിശ്വാസ്യത കൈവരിച്ചത്. ലോകത്തിലെ ഏറ്റവും കൃത്യമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായി ബ്രഹ്മോസ് പേരെടുത്തു. ഈ അവകാശവാദത്തെ ബലപ്പെടുത്തുന്നതായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം. ഭൗമോപരിതലത്തിൽ നിന്ന് തൊടുത്തുവിട്ട ബ്രഹ്മോസ്, സമുദ്രത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യത്തിൽ കൃത്യമായി പതിച്ചു. പെട്ടെന്ന് പൊരുത്തപ്പെടാനുള്ള വൈഭവവും പ്രവർത്തന വിജയവും ബ്രഹ്മോസിന്റെ ജനപ്രീതി ഉയർത്തി.
വിയറ്റ്നാം-ഇന്ത്യ: തന്ത്രപരമായ പങ്കാളിത്തം
ബ്രഹ്മോസിനോട് വിയറ്റ്നാമിന് തോന്നിയ താത്പര്യം പുതിയ കാര്യമല്ല. ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ കെട്ടിപ്പടുത്ത സൗഹൃദം ചരിത്രപരമാണ്. അതിനാൽ പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇതിനോടകം തന്നെ ഇരുകൂട്ടരും പങ്കുവച്ചിട്ടുണ്ട്.
2022-ൽ ബ്രഹ്മോസ് വാങ്ങാൻ 375 മില്യൺ ഡോളറിന്റെ ഇടപാടിൽ ഇന്ത്യുമായി ഒപ്പുവച്ച ആദ്യ രാജ്യമായി ഫിലിപ്പീൻസ് മാറിയിരുന്നു. പിന്നീട് വിയറ്റ്നാം പ്രകടിപ്പിച്ച താത്പര്യം ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ ഇതര രാജ്യങ്ങൾക്കുള്ള വിശ്വാസത്തെ കൂടിയാണ് സൂചിപ്പിച്ചത്.
700 മില്യൺ ഡോളറിന്റെ കരാറിന് വിയറ്റ്നാമുമായി ധാരണയായെന്നാണ് നിലവിലുള്ള റിപ്പോർട്ട്. വിയറ്റ്നാം സൈന്യത്തിന്റെ സമുദ്ര പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഈ അത്യാധുനിക മിസൈൽ വിന്യസിക്കും. ദക്ഷിണ ചൈനാ കടലിൽ പ്രദേശിക തർക്കങ്ങൾ രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വിയറ്റ്നാമിനെ സംബന്ധിച്ചിടത്തോളം ബ്രഹ്മോസ് ഇടപാട് നിർണായകമാണ്.
ആഗോളതലത്തിൽ ബ്രഹ്മോസുണ്ടാക്കുന്ന മാറ്റങ്ങൾ:
കേവലമൊരു പ്രതിരോധ ഉപകരണം മാത്രമല്ല; ഭൗമരാഷ്‌ട്രീയ മത്സരങ്ങളെ മാറ്റിമറിക്കാൻ കെൽപ്പുള്ള മിസൈൽ കൂടിയാവുകയാണ് ബ്രഹ്മോസ്. ഇതിന്റെ കയറ്റുമതി വർദ്ധിക്കുന്നതിലൂടെ, പ്രാദേശിക ആക്രമണ ഭീഷണികളെ നേരിടാനും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ആഴത്തിലാക്കാനും ഇന്ത്യക്ക് സാധിക്കുന്നു.
ഫിലിപ്പീൻസിന് ശേഷം വിയറ്റ്നാമെത്തി ഇന്ത്യയിൽ ചരിത്രമെഴുതിയപ്പോൾ ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളും ബ്രഹ്മോസിനോട് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പതിറ്റാണ്ടുകളായി പ്രതിരോധ മേഖലയിൽ ഇറക്കുമതിയെ ആശ്രയിച്ച ഇന്ത്യ ഇന്ന്, മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെ, ആഗോള ആയുധ വിപണിയിൽ സ്വന്തമായ സ്ഥാനം നേടിയെടുക്കുകയാണ്.