പത്തനംതിട്ട: കാരൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. പത്തനംതിട്ടയിലെ തിരുവല്ല കുമ്പനാട്ടിലാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഏട്ടോളം പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുരേഷ്, ജിത്തു, ഷെറിൻ, ജിബിൻ എന്നിവരാണ് പിടിയിലായത്. അക്രമത്തിൽ കോയിപ്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പത്തിലധികം വരുന്ന അക്രമസംഘം അകാരണമായി ആക്രമിക്കുകയായിരുന്നു. കാറിന്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് ആക്കിയതിനെ തുടർന്ന് കണ്ണിലേക്ക് വെളിച്ചമടിച്ചെന്ന് പറഞ്ഞാണ് വാക്കുതർക്കമുണ്ടായത്. തുടർന്ന് തടികഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കാരൾ സംഘത്തെ ആക്രമിക്കുകയായിരുന്നു.
തടികഷ്ണങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ പ്രതികരിച്ചു. ഗേറ്റ് ചവിട്ടി തുറക്കാൻ ശ്രമിച്ചു. സ്ത്രീകളെല്ലാം ഗേറ്റിനകത്തായിരുന്നു. അവരുടെ കയ്യിൽ ചെയിനുണ്ടായിരുന്നു. ഇത് വച്ച് എല്ലാവരെയും അടിക്കാമെന്ന് അവർ പറയുന്നുണ്ടായിരുന്നു. അവർ ഇത്രയും പ്രകോപിതരായത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയില്ല. പുരുഷന്മാരെ മുഴുവൻ മരകഷ്ണം വച്ച് തല്ലി. ഗേറ്റിനോട് ചേർന്ന നിന്ന സ്ത്രീകളെ ഗേറ്റിനോട് പിടിച്ച് തള്ളിയെന്നും അവർ പറഞ്ഞു.
അതിക്രൂരമായാണ് ഞങ്ങളെ അവർ ആക്രമിച്ചത്. മദ്യത്തേക്കാൾ മാരകമായ ലഹരിയാണ് സംഘം ഉപയോഗിച്ചതെന്നാണ് തോന്നുന്നത്. കരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല. ഭയനാകരമായ അന്തരീഷമാണ് ഉണ്ടായത്. പിന്നീട് കൂടുതൽ ആളുകൾ ബൈക്കിലും കാറിലുമായി വന്നു. ഇത് കണ്ടപ്പോൾ ജീവന് തന്നെ ആപത്താകുമെന്ന് തോന്നി. പൊലീസ് വന്നയുടനെ പലയിടങ്ങളിലേക്ക് അവർ ചിതറിയോടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.