മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് ഗംഭീര വരവേൽപ്പ് നൽകി ആരാധകർ. ലാലേട്ടന്റെ ഉഗ്രൻ ക്രിസ്മസ് സമ്മാനം എന്നാണ് പ്രേക്ഷകർ ബറോസിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ തിയേറ്ററുകൾക്ക് മുന്നിൽ ആരാധകരുടെ ആഘോഷ പ്രകടനങ്ങളുണ്ടായിരുന്നു. ചിത്രം കണ്ടിറങ്ങുമ്പോൾ സംവിധായകന്റെ കുപ്പായമണിഞ്ഞ മോഹൻലാലിനെ പ്രശംസിക്കുകയാണ് ആരാധകർ.
കുടുംബത്തിന് വേണ്ടിയുള്ള സിനിമയാണ് ബറോസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. “മാജിക് വണ്ടർലാന്റിനേക്കാൾ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിവുള്ള മനുഷ്യന്റെ കഴിവുറ്റ സിനിമ. കുട്ടികൾക്ക് വേണ്ടി മാത്രമല്ല, കുടുംബത്തോടൊപ്പം എല്ലാവർക്കും കാണാൻ പറ്റിയ സിനിമയാണ് ബറോസ്. അതിമനോഹരമായ ദൃശ്യവിരുന്നാണ് ചിത്രത്തിലുള്ളത്”.
“നല്ല അഭിനയവും നല്ല വിഷ്വാൽസും. മോഹൻലാൽ ചെയ്യാത്ത കഥകളും കഥാപാത്രങ്ങളുമില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായാണ് ബറോസിൽ അഭിനയിച്ചിരിക്കുന്നത്. നല്ലൊരു ക്രിസമസ് സമ്മാനം തന്നെയാണ് അദ്ദേഹം പ്രേക്ഷകർക്ക് നൽകിയത്”.
“ഹോളിവുഡ് രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ത്രീഡി അനുഭവം ഗംഭീരമായിരുന്നു. നല്ല ക്വാളിറ്റിയിലാണ് ചിത്രം അണിയിച്ചൊരിക്കുന്നത്. പഴയ കഥാപുസ്തകങ്ങളിലൂടെ യാത്ര ചെയ്തത് പോലെയാണ് തോന്നിയത്. കുട്ടികളെ മനസിൽ കണ്ട് തന്നെയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്തത്”.
“പശ്ചാത്തലസംഗീതമായാലും ആക്ഷൻ രംഗങ്ങളായാലും പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കുന്നില്ല. 47 വർഷത്തിനിടെ ഫാൻസിന്റെ ശല്യമില്ലാതെ സമാധനപരമായി കണ്ട മോഹൻലാൽ പടം. മുഴുനീള എന്റർടൈൻമെന്റ് ചിത്രമാണ് ബറോസ്. ത്രില്ലർ സിനിമകൾ കാണുന്നത് പേലെയാണ് തോന്നുന്നത്. മികവുറ്റ സംവിധാനം. മേക്കിംഗും ഗ്രാഫിക്സും എല്ലാം അതിഗംഭീരമായിരുന്നു. മലയാളത്തിലെ ഏറ്റവും ടെക്നിക് എഫക്ടുള്ള സിനിമയാണ് ബറോസ്”- പ്രേക്ഷകർ പറയുന്നു.