ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമുകളുടെ മുഴുവൻ മത്സരക്രമവും പുറത്തുവന്നു. ചിരവൈരികളായ ഇന്ത്യ-പാക് ടീമുകളുടെ പോരാട്ടം ഫെബ്രുവരി 23 നാണ്. ഇന്ത്യയുടെ എല്ലാ ലീഗ് മത്സരവും ദുബായിൽ നടക്കുമെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അറിയിച്ചു. യോഗ്യത നേടിയാൽ ഇന്ത്യ സെമിഫൈനലും ഫൈനലും ഉൾപ്പെടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ന്യൂസിലൻഡ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവർ എ ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട് എന്നീ ടീമുകളെ ബി ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 19 ന് കറാച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. മാർച്ച് 9 ന് ലാഹോറിലാണ് ചാമ്പ്യൻസ് ട്രോഫി ഫൈനൽ. ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ ഫൈനൽ മത്സരം നടക്കുന്നത് ദുബായിൽ ആയിരിക്കും.
ഇന്ത്യ-പാക് മത്സരവേദിയെ ചൊല്ലിയുള്ള അനിശ്ചിതത്വമാണ് ഐസിസി മത്സരക്രമം പ്രഖ്യാപിക്കാൻ വൈകിയത്. നിഷ്പക്ഷ വേദി വേണമെന്ന ഇന്ത്യയുടെ ആവശ്യം ആദ്യ ഘട്ടത്തിൽ പാകിസ്താൻ അംഗീകരിച്ചിരുന്നില്ല. 2027 വരെ ഇന്ത്യയിൽ നടക്കുന്ന ഐസിസി ഇവൻ്റുകൾക്കായി പാകിസ്താന് സമാനമായ ക്രമീകരണം നടത്താമെന്ന ഐസിസിയുടെ ഉറപ്പിന്മേലാണ് പ്രശ്‌നം സമവായത്തിലെത്തിയത്.
ചാമ്പ്യൻസ് ട്രോഫി മത്സരക്രമം
ഫെബ്രുവരി 19 – പാകിസ്താൻ v ന്യൂസിലൻഡ് (കറാച്ചി)
ഫെബ്രുവരി 20 – ബംഗ്ലാദേശ് v ഇന്ത്യ (ദുബായ്)
ഫെബ്രുവരി 21 – അഫ്ഗാനിസ്ഥാൻ v ദക്ഷിണാഫ്രിക്ക (കറാച്ചി)
ഫെബ്രുവരി 22 – ഓസ്‌ട്രേലിയ v ഇംഗ്ലണ്ട് (ലാഹോർ)
ഫെബ്രുവരി 23 – പാകിസ്താൻ v ഇന്ത്യ (ദുബായ്)
ഫെബ്രുവരി 24 – ബംഗ്ലാദേശ് v ന്യൂസിലൻഡ് (റാവൽപിണ്ടി)
ഫെബ്രുവരി 25 – ഓസ്‌ട്രേലിയ v ദക്ഷിണാഫ്രിക്ക (റാവൽപിണ്ടി)
ഫെബ്രുവരി 26 – അഫ്ഗാനിസ്ഥാൻ v ഇംഗ്ലണ്ട് (ലാഹോർ)
ഫെബ്രുവരി 27 – പാകിസ്താൻ v ബംഗ്ലാദേശ് (റാവൽപിണ്ടി)
ഫെബ്രുവരി 28 – അഫ്ഗാനിസ്ഥാൻ v ഓസ്ട്രേലിയ (ലാഹോർ)
മാർച്ച് 1 – ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് (കറാച്ചി)
മാർച്ച് 2 – ന്യൂസിലൻഡ് v ഇന്ത്യ (ദുബായ്)
മാർച്ച് 4 – സെമി ഫൈനൽ 1 (ദുബായ്)
മാർച്ച് 5 – സെമി ഫൈനൽ 2 (ലാഹോർ)
മാർച്ച് 9 – ഫൈനൽ, ലാഹോർ (ഇന്ത്യ യോഗ്യത നേടിയാൽ ദുബായിയിൽ)
മാർച്ച് 10 – റിസർവ് ദിനം















