കോഴിക്കോട്: നടനെന്ന നിലയിൽ തന്റെ സിനിമാ ജീവിതത്തിൽ അതുല്യമായ വേഷങ്ങൾ സമ്മാനിച്ച പ്രിയകഥാകാരന്റെ വിയോഗത്തിൽ വികാരനിർഭരമായ വാക്കുകൾ പങ്കുവെച്ച് മമ്മൂട്ടി. എംടിയുടെ മരണവാർത്ത പുറത്തുവന്ന് രണ്ട് മണിക്കൂർ പിന്നിടുമ്പോഴായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി ആ വേദന പങ്കുവെച്ചത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
“ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്ന് എനിക്ക് തോന്നി”.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.
“ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.”
മമ്മൂട്ടിയിലെ അഭിനയപ്രതിഭയെ ഏറെ പുറത്തുകൊണ്ടുവന്ന കഥാപാത്രങ്ങളാണ് എംടി അദ്ദേഹത്തിനായി വെച്ചുനീട്ടിയത്. അഭിനയമോഹം ഉള്ളിലൊതുക്കി കഴിഞ്ഞ മമ്മൂട്ടിക്ക് അഭിനേതാവ് എന്ന നിലയിൽ അവസരം തുറന്നിട്ടതായിരുന്നു എംടിയുടെ ദേവലോകം എന്ന സിനിമ. എന്നാൽ പാതിവഴിയിൽ ഈ സിനിമ നിലച്ചുപോയി. അതിന് പകരമായി തന്റെ രചനയിൽ ഒരുങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലേക്ക് എംടി മമ്മൂട്ടിയെ വിളിച്ചു. അവിടെ നിന്നാണ് ഇന്ന് കാണുന്ന വലിയ നടനിലേക്കുള്ള വളർച്ച. നായകനായി ഉയരാൻ വഴി തുറന്നതും എംടിയുടെ സിനിമയായിരുന്നു.
മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചത് എംടിയുടെ തിരക്കഥയിൽ ഒരുങ്ങിയ അടിയൊഴുക്കുകൾ (1984) സിനിമയിലെ അഭിനയത്തിനായിരുന്നു. പിന്നെ വടക്കൻ വീരഗാഥയിലെ പ്രകടനത്തിന് 1989 ലും. ദേശീയപുരസ്കാരവും ഇതിലൂടെ ലഭിച്ചു. അവിടെ നിന്നിങ്ങോട്ട് ഇരുവരും തമ്മിലുള്ള ആത്മബന്ധവും അടുപ്പവും അവസാനം വരെ തുടർന്നു.