കോഴിക്കോട്: എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ സാംസ്കാരിക കേരളം കോഴിക്കോട്ടേക്ക് ഒഴുകുകയാണ്. കലാ, സാംസ്കാരിക, സിനിമാ പ്രവർത്തകർ എംടിയെ കാണാൻ സിതാരയിലേക്ക് എത്തി. ഇക്കൂട്ടത്തിൽ എംടിയുടെ കുട്ട്യേടത്തിയുമുണ്ടായിരുന്നു. എംടിയുടെ ഭൗതികദേഹത്തിന് അരികിൽ നിന്ന വിലാസിനി വിങ്ങിപ്പൊട്ടി, ഉറക്കെ കരഞ്ഞു. വാസുവേട്ടനെ മറക്കാനാവില്ലെന്നായിരുന്നു അവരുടെ വാക്കുകൾ.
“കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് എംടിയാണെന്ന് അവർ പ്രതികരിച്ചു. നാടകത്തിൽ അഭിനയിച്ച് നടന്നിരുന്ന കാലത്ത്, സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, എന്നെ ലോകമറിയുന്ന കുട്ട്യേടത്തിയാക്കിയത് എംടിയാണ്. അദ്ദേഹത്തോട് അടുത്തുകഴിഞ്ഞാൽ പിന്നെ അകലാനാവില്ല, അത്രയും നല്ല മനുഷ്യൻ. വയ്യാതായി എന്നറിഞ്ഞപ്പോൾ ദീർഘായുസ്സിന് വേണ്ടി നേർച്ചകൾ നേർന്നിരുന്നു. 100 വയസുവരെയെങ്കിലും വാസുവേട്ടൻ ജീവിക്കണമെന്ന് ആഗ്രഹിച്ചു. കാരണം ഇപ്പോഴും ഞാനറിയപ്പെടുന്നത് കുട്ട്യേടത്തി വിലാസിനി എന്നാണ്” – തൊണ്ടമിടറി അവർ പറഞ്ഞു.
1971ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കുട്ട്യേടത്തി’. പിഎൻ മേനോൻ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എംടിയുടേതായിരുന്നു. ശീർഷക കഥാപാത്രത്തെ അവതരിപ്പിച്ചതാകട്ടെ കോഴിക്കോട് വിലാസിനിയും. നാടക നടിയായിരുന്ന വിലാസിനി ആ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ‘കുട്ട്യേടത്തി വിലാസിനി’ എന്ന് അറിയപ്പെടാൻ തുടങ്ങി. കോഴിക്കോടുള്ള നിരവധി കലാപ്രവർത്തകർക്ക് സിനിമയിൽ അവസരം നൽകിയ വ്യക്തിയാണ് എംടിയെന്ന് വിലാസിനി അനുസ്മരിച്ചു.