തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചത് ചോദ്യം ചെയ്ത സിപിഐയ്‌ക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. കെ സുരേന്ദ്രൻ തന്റെ വീട്ടിലേക്ക് വന്നപ്പോൾ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമാണെന്നും കേക്കുമായി വീട്ടിൽ വരുമ്പോൾ കയറരുതെന്ന് പറയുന്നതല്ല തന്റെ സംസ്കാരമെന്നും മേയർ വ്യക്തമാക്കി.
സുരേന്ദ്രൻ നൽകിയ കേക്ക് എംകെ വർഗീസ് കഴിച്ചതിനെതിരെ വിഎസ് സുനിൽകുമാറായിരുന്നു രംഗത്തെത്തിയത്. കേക്ക് കഴിച്ചത് അത്ര നിഷ്കളങ്കമല്ലെന്നും, മേയർക്ക് കൂറില്ലെന്നുമായിരുന്നു സുനിൽകുമാറിന്റെ വിമർശനം. എന്നാൽ ഇത്തരം വാദങ്ങളും വിമർശനങ്ങളും ബാലിശമാണെന്നും അതിനൊന്നും താൻ വില കൽപ്പിക്കുന്നില്ലെന്നും എംകെ വർഗീസ് മറുപടി നൽകി.
“ഞാനൊരു ക്രിസ്ത്യാനി അല്ലെടോ.. ക്രിസ്മസായിട്ട് എനിക്ക് സ്വന്തം പാർട്ടിക്കാർ കേക്ക് കൊണ്ട് തന്നില്ല, കോൺഗ്രസുകാരും തന്നില്ല.. ക്രിസ്മസ് ദിവസം സ്നേഹം പങ്കിടുന്നത് പതിവാണ്. അതിന്റെ ഭാഗമായി കേക്കുമായി ഒരാൾ വരുമ്പോൾ എന്റെ വീട്ടിലേക്ക് കയറുത് എന്ന് പറയുന്ന സംസ്കാരം എനിക്കില്ല, കാരണം ഞാൻ ക്രിസ്ത്യാനിയാണ്. സ്നേഹം പങ്കിടുന്നവരാണ്. കഴിഞ്ഞ നാല് വർഷമായി എല്ലാ രാഷ്‌ട്രീയ പാർട്ടിക്കാരുടെയും ഓഫീസിൽ ഞാൻ കേക്ക് എത്തിക്കാറുണ്ട്, ഈ പ്രാവശ്യവും എല്ലാവർക്കും കേക്ക് നൽകി. ” – എംകെ വർഗീസ് പ്രതികരിച്ചു.