കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നതായി കെ. മുരളീധരന്റെ തുറന്നുപറച്ചിൽ. ഇക്കാര്യത്തിൽ മറ്റ് കോൺഗ്രസ് നേതാക്കൾ വ്യക്തതയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ നടത്തി ഒഴിഞ്ഞുമാറുമ്പോഴാണ് മുരളീധരൻ ഇക്കാര്യം തുറന്നുസമ്മതിക്കുന്നത്.
2016 വരെയുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ 2016ൽ ലഭിച്ചു. കാരണം വട്ടിയൂർക്കാവിൽ താൻ സ്ഥാനാർത്ഥിയായപ്പോൾ കുമ്മനം രാജശേഖരനായിരുന്നു എതിർ സ്ഥാനാർത്ഥി. 2019 മുതൽ ദേശീയ അടിസ്ഥാനത്തിലാണ് പിന്തുണ ലഭിക്കുന്നത്. ഇൻഡി മുന്നണിയുടെ ഭാഗമായ ഇടതുമുന്നണിക്ക് കേരളത്തിന് പുറത്ത് ജമാഅത്തെയുടെ വോട്ട് ലഭിക്കുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
തീവ്രവാദ ശക്തികളുടെ വോട്ടുവാങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന ആരോപണം എൽഡിഎഫിനും യുഡിഎഫിനുമെതിരെ നേരത്തെ ഉയർന്നിരുന്നു. അന്നെല്ലാം വ്യക്തത വരുത്താത്ത മറുപടിയുമായി ഒഴിഞ്ഞു മാറുകയായിരുന്നു ഇരു മുന്നണികളും. ആരുടേയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ലെന്ന അഴകൊഴമ്പൻ നിലപാടായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇക്കൂട്ടരെ വെട്ടിലാക്കുന്നതാണ് കെ. മുരളീധരന്റെ പ്രതികരണം. കോൺഗ്രസിനെ പിന്തുണയ്‌ക്കുകയെന്നത് വെൽഫയർ പാർട്ടിയുടെ ദേശീയ നയമാണെന്ന് മുരളീധരൻ പറയുന്നു. 2019 മുതൽ വെൽഫയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിൽ മുസ്ലീം വർഗീയചേരിയുടെ ദൃഢമായ പിന്തുണ കൊണ്ടാണ് യുഡിഎഫ് വൻ വിജയം നേടിയതെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതു ശരിവെക്കുകയാണ് മുരളീധരന്റെ പ്രതികരണം.















