തിരുവനന്തപുരം: തൃശൂർ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് കേക്ക് നൽകുകയും ആശംസകൾ അറിയിക്കുകയും ചെയ്തതിനെ വിമർശിച്ച മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനിൽ കുമാറിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മെറി ക്രിസ്മസ് എന്നെഴുതിയ ക്രിസ്മസ് കേക്കിന്റെ ചിത്രം സഹിതമുള്ള മറുപടി കെ സുരേന്ദ്രൻ പങ്കുവെച്ചത്.
“ഈ ക്രിസ്മസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാൻ പോയി കാണുകയും കേക്ക് നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്‌ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും അദ്ദേഹം കുറിച്ചു.”
ലോകസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും
വി.എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. “സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ.”
കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും തന്റെ ഒരു നല്ല സുഹൃത്തുതന്നെയാണെന്ന് പറഞ്ഞാണ് പ്രതികരണം അവസാനിപ്പിക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് മേയർ എം.കെ. വർഗീസിന്റെ വസതിയിലെത്തി കെ. സുരേന്ദ്രൻ ആശംസകൾ അറിയിക്കുകയും ക്രിസ്മസ് കേക്ക് കൈമാറുകയും ചെയ്തത്. ക്രിസ്മസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സ്‌നേഹയാത്രയുടെ ഭാഗമായിരുന്നു സന്ദർശനം. എന്നാൽ ഇതിനെതിരെയാണ് വി.എസ് സുനിൽ കുമാർ രംഗത്തെത്തിയത്. ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ആളാണ് മേയറെന്നും അദ്ദേഹത്തെ സിപിഐ ചുമക്കുന്നില്ലെന്നും മേയറോടുള്ള അഭിപ്രായ ഭിന്നത എൽഡിഎഫിൽ സിപിഐ നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും ആയിരുന്നു സുനിൽ കുമാറിന്റെ വാക്കുകൾ.
ബിജെപിക്ക് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച ആളാണ്. ഇനി ഒന്നും ചെയ്യാനില്ല. അദ്ദേഹം തുടരട്ടെ പ്രത്യേക സാഹചര്യത്തിൽ അത് അംഗീകരിച്ചുപോകുകയാണെന്നും സുനിൽ കുമാർ പറഞ്ഞിരുന്നു.