മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ദീർഘവീക്ഷണമുള്ള നേതാവായിരുന്നു മൻമോഹൻ സിംഗെന്നും വിനയത്തിന്റെയും വിവേകത്തിന്റെയും ആൾരൂപമാണ് അദ്ദേഹമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
“ദീർഘവീക്ഷണമുള്ള നേതാവും വിനയത്തിന്റെയും വിവേകത്തിന്റെയും ആൾരൂപവുമായിരുന്നു മൻമോഹൻ സിംഗ്. രാജ്യത്തിന് വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”- മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രാഷ്‌ട്രസേവനവും വിനയവും എന്നെന്നും ഓർമിക്കുമെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാത്രി ഡൽഹി എയിംസിലായിരുന്നു മൻമോഹൻസിംഗിന്റെ അന്ത്യം. രാത്രി എട്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ 9.30 ഓടെയായിരുന്നു അന്ത്യം.















