കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥർ ആരെന്ന് കണ്ടെത്തണമെന്ന് വഖ്ഫ് ട്രിബ്യൂണൽ. കൊച്ചിയിൽ നടത്തിയ സിറ്റിംഗിലാണ് ട്രിബ്യൂണലിന്റെ നിർണായക നീക്കം. ഭൂമി വഖ്ഫ് നൽകിയ 1952 മുതലുള്ള രേഖകളാണ് ഇതുവരെ കോടതികൾ പരിഗണിച്ചിരുന്നത്. എന്നാൽ
1902 ൽ തിരുവിതാംകൂർ മഹാരാജാവ് സേഠ് കുടുംബത്തിന് ഭൂമി കൈമാറിയത് പാട്ടത്തിനാണോ ഇഷ്ടദാനമാണോ എന്നതാണ് ട്രിബ്യൂണൽ ഉയർത്തിയ ചോദ്യം. പാട്ടക്കരാർ വ്യവസ്ഥയിലാണെങ്കിൽ വഖ്ഫ് അവകാശവാദം നിലനിൽക്കുമോയെന്നും കോടതി ചോദിച്ചു.
വിഷയം പൊതുസമൂഹത്തിൽ വിവാദമായതുകൊണ്ടു തന്നെ മുഴുവൻ രേഖകളും പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ട്രിബ്യൂണൽ പറഞ്ഞു. സിദ്ധിക്ക് സേട്ടിനു മഹാരാജാവ് ഭൂമി ഇഷ്ടദാനം നൽകിയതാണോ പാട്ടത്തിന് നൽകിയതാണോ എന്നാണ് ട്രിബ്യൂണൽ ഇനി പരിശോധിക്കുക. ഭൂമി മഹാരാജാവ് പാട്ടത്തിന് നൽകിയതാണെങ്കിൽ മുനമ്പത്തെത് വഖ്ഫ് ഭൂമി ആകില്ല. എന്നാൽ മുനമ്പത്തെ ഭൂമി ഇഷ്ടദാനം കിട്ടിയതാണെന്ന നിലപാട് ഫാറൂഖ് കോളേജ് ട്രിബൂണലിന് മുന്നിൽ ആവർത്തിച്ചു.
ഭൂമി വഖ്ഫ് തന്നെയാണെന്ന വാദമാണ് സിദ്ധിഖ് സേട്ടിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ഉന്നയിച്ചത് . 1952 ൽ ഫറൂഖ് കോളജിന് രജിസ്റ്റർ ചെയ്തു കൊടുത്ത ഭൂമിയാണ്. അതിന്റെ രേഖകൾ എല്ലാം കൈവശമുണ്ട്, മുന്നാധാരവും ആധാരവും കൈവശമുണ്ട്. 1902 ൽ ഇഷ്ടദാനം കിട്ടിയതാണ് ഭൂമിയെന്നും അഭിഭാഷകൻ പറഞ്ഞു. 1902ലെ രേഖകൾ ഹാജരാക്കാനും ട്രിബൂണൽ നിർദേശിച്ചു. കേസ് ജനുവരി 25ന് വീണ്ടും പരിഗണിക്കും. ഭൂമിയുടെ മുൻ ഉടമസ്ഥാവകാശ രേഖകളാകും ട്രിബ്യൂണൽ അന്ന് പരിശോധിക്കുക.
എന്നാൽ വഖ്ഫ് സംരക്ഷണ സമിതി കേസിൽ കക്ഷി ചേരുന്നതിനെ ഫാറൂഖ് കോളേജ് എതിർത്തു. വഖ്ഫ് സംരക്ഷണ സമിതിയുടെ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മുനമ്പത്തുകാർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചത്.