ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ സുസുക്കിയുടെ മുൻ ചെയർമാൻ ഒസാമു സുസുക്കിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയോട് അഗാധമായ താത്പര്യമുള്ള വ്യവസായിയാണ് വിട പറഞ്ഞതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ മാരുതിയുമായുള്ള സഹകരണത്തിന് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള വാഹന വിപണിയിലെ അതികായനായിരുന്നു ഒസാമു സുസുക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ സുസുക്കി മോട്ടോർ കോർപറേഷൻ ആഗോള പവർഹൗസായി മാറി. വെല്ലുവിളികളുടെ ഗതി നിയന്ത്രിക്കാനും നവീകരണത്തിനും വിപുലീകരണത്തിനുമുള്ള വഴിതെളിയിക്കാനും അദ്ദേഹത്തിനായെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഒസാമു സുസുക്കിക്കൊപ്പം നടത്തിയ കൂടിക്കാഴ്ചകളെയും അദ്ദേഹം അനുസ്മരിച്ചു. ഒപ്പം ചിത്രങ്ങളും എക്സിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എളിമയോടെയുള്ള സമീപനത്തെ കുറിച്ചോർക്കുന്നുവെന്നും മോദി പറഞ്ഞു. അസാധാരണമായ കഠിനാധ്വാനം, സൂക്ഷ്മമായ നിരീക്ഷണവും ശ്രദ്ധയും, അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ ഉദാഹരണമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
心から哀悼の意を表します。… pic.twitter.com/x1YgmAARWa
— Narendra Modi (@narendramodi) December 27, 2024
നാല് പതിറ്റാണ്ടോളം സുസുക്കിയെ നയിച്ച വ്യവസായിയാണ് വിട പറയുന്നത്. രക്താർബുദത്തെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്. സുസുക്കിയുടെ ഇന്നത്തെ പ്രശസ്തിക്ക് പിന്നിൽ രാപ്പകലുകളില്ലാതെ അദ്ധ്വാനിച്ചയാളായിരുന്നു ഒസാമു സുസുക്കി.
വലിയ കാറുകൾ വിപണികൾ കീഴടക്കുന്ന കാലത്ത് ചെറിയ കാറുകൾ അവതരിപ്പിച്ച് വ്യവസായ ലോകത്ത് മാന്ത്രികത സൃഷ്ടിച്ചു. മാരുതി 800 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ഹിറ്റാക്കി മാറുകയും ചെയ്തത് ഒസാമുവിന്റെ കാലത്താണ്. അന്ന് തുടങ്ങിയ ആധിപത്യം ജാപ്പനീസ് കമ്പനി ഇന്നും ഇന്ത്യയിൽ തുടരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് സുസുക്കി.