ദുബായ്: ദുബായിൽ തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെയാണ് അതിഥികളായി പങ്കെടുക്കുക. 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയുടെ ഭാഗമാകും. ദുബായ് താമസകുടിയേറ്റ വകുപ്പ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടൻമാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവർ ആഘോഷത്തിൽ അതിഥികളാകും. ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
അൽഖുസ് ഏരിയയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുന്നത്.ഡിസംബർ 31 ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി അർദ്ധരാത്രി വരെ തുടരും.
ഇതോടൊപ്പം തൊഴിലാളികൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും. കാറുകൾ, സ്വർണ്ണ ബാറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, യാത്രാ ടിക്കറ്റുകൾ, ക്യാഷ് പ്രൈസുകൾ, 100 സ്മാർട്ട് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടുന്ന സമ്മാനങ്ങളാണ് നൽകുക.