കോഴിക്കോട്: കൊലവിളി പ്രസംഗം നടത്തിയ സിപിഎം ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട് പൊലീസ്. സിപിഎം കോഴിക്കോട് തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിലിനെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
ഡിസംബർ 22ന് പുതിയവളപ്പിൽ നടന്ന സിപിഎം പ്രതിഷേധ യോഗത്തിലാണ് ബിജു പ്രകോപനപരമായ പ്രസംഗം നടത്തിയത്. പ്രസ്ഥാനത്തിന് നേരെ വന്നാൽ ആരെയും വെറുതെ വിടില്ലെന്നും അരിയിൽ ഷുക്കൂർ ഈ ഭൂമുഖത്തില്ല എന്നുള്ളത് മറക്കരുത് ‘ എന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ഇതിനെതിരെ മുസ്ലീം ലീഗ് പയ്യോളി പൊലീസിൽ പരാതി നൽകിയിരുന്നു.
തിക്കോടി കുറ്റിവയലിൽ സ്ഥാപിച്ച സിപിഎമ്മിന്റെ പതാകകൾ നശിപ്പിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം സിപിഎമ്മിന്‍റെ പതാക നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ഇവർ സജീവ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.