മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി വാലറ്റം. നിതീഷ് കുമാർ റെഡ്ഡിയും (85) വാഷിംഗ്ടൺ സുന്ദറും (40) ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ ഫോളോ-ഓൺ ഭീഷണി ഒഴിവാക്കി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി 4 ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള നിതീഷ് റെഡ്ഡിയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ആശ്വാസമായത്. മൂന്നാം ദിനം ചായയ്‌ക്കായി പിരിയുമ്പോൾ ഇന്ത്യ 96 ഓവറിൽ 326/7 എന്ന നിലയിലാണ്.
4 വിക്കറ്റുകൾ ശേഷിക്കെ ഓസീസ് സ്കോറായ 474 മറികടക്കാൻ ഇന്ത്യക്കിനി 148 റൺസ് കൂടി വേണം. മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 28 റൺസെടുത്ത ഋഷഭ് പന്തിന്റെയും 17 റൺസെടുത്ത രവീന്ദ്ര ജഡേജയുടെയും വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായി.
പിന്നാലെ വന്ന നിതീഷ് റെഡ്ഡി തുടക്കക്കാരന്റെ പതർച്ചയില്ലാതെ ഓസീസ് ബൗളർമാർക്കെതിരെ നിർഭയം ബാറ്റുവീശി. മറുവശത്ത് പിന്തുണ നൽകി വാഷിംഗ്ടൺ സുന്ദറും നിലയുറപ്പിച്ചതോടെ ഇന്ത്യ ഫോളോ-ഓൺ ഭീഷണി അനായാസം ഒഴിവാക്കി. എന്നാൽ മെൽബൺ ടെസ്റ്റിന്റെ ഫലം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾക്ക് ഏറെ നിർണായകമാണ്. സമനിലകൊണ്ട് കാര്യമില്ല. ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്‌ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.















