തൃശൂർ : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കേ സുരേന്ദ്രൻ സ്നേഹ സന്ദേശയാത്രയുടെ ഭാഗമായി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് കേക്ക് നൽകുകയും ആശംസകൾ അറിയിക്കുകയും ചെയ്തതിനെ വിമർശിച്ച മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനിൽ കുമാറിനെ തള്ളി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് രംഗത്ത് വന്നു.
“മേയർ – കെ സുരേന്ദ്രൻ കേക്ക് വിവാദത്തിൽ വി എസ് സുനിൽകുമാർ അത്തരമൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ല.സുനിൽകുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. സിപിഐയുടെ അഭിപ്രായം അതല്ല. ആഘോഷ വേളകളിലെ സന്ദർശനത്തെ രാഷ്‌ട്രീയമായി കാണേണ്ടതില്ല.എൽഡിഎഫ് തീരുമാനങ്ങൾക്ക് അനുസൃതമായാണ് കോർപ്പറേഷൻ ഭരണം ഇപ്പോൾ മുന്നോട്ട് പോകുന്നത്.”സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. നിലവിൽ മറ്റ് പ്രശ്നങ്ങളില്ലെന്നും കെ കെ വത്സരാജ് കൂട്ടിച്ചേർത്തു .
ക്രിസ്മസ് ദിനത്തിൽ ബി.ജെ.പി സംസ്ഥാന-ജില്ലാ അദ്ധ്യക്ഷന്മാരായ കെ.സുരേന്ദ്രനും കെ.കെ.അനീഷ് കുമാറും ബിഷപ്പ് മാർ ആൻഡ്രൂസിനെയും മേയർ എം.കെ.വർഗീസിനെയും സന്ദർശിച്ച് കേക്ക് നൽകിയിരുന്നു. ഇതിനെതിരെയാണ് സുനിൽ കുമാർ രംഗത്തെത്തിയത്. സുരേന്ദ്രൻ നൽകിയ കേക്ക് എംകെ വർഗീസ് കഴിച്ചതിനെതിരെ വിഎസ് സുനിൽകുമാർ പ്രസ്താവന ഇറക്കി. കേക്ക് കഴിച്ചത് അത്ര നിഷ്കളങ്കമല്ലെന്നും, മേയർക്ക് കൂറില്ലെന്നുമായിരുന്നു സുനിൽകുമാറിന്റെ വിമർശനം. മേയറെ കാണാൻ സുരേന്ദ്രനെത്തിയത് ആസൂത്രിതമാണെന്നായിരുന്നു സുനിൽ കുമാറിന്റെ മറ്റൊരു വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫിനേറ്റ പരാജയത്തിൽ മേയർക്കും പങ്കുണ്ടെന്ന രൂക്ഷവിമർശനവും സുനിൽകുമാർ ഉയർത്തിയിരുന്നു.
വീട്ടിൽ കയറി വരുന്നവരോട് കടന്നുപോകാൻ പറയുന്ന സംസ്‌കാരമല്ലെന്ന മറുപടിയുമായി മേയർ എം.കെ.വർഗീസും രംഗത്തെത്തിയിരുന്നു. പക്ഷെ സി.പി.ഐ ഇപ്രാവശ്യം സുനിൽകുമാറിനെ കൈവിട്ടു. കേക്ക് വിഷയത്തിൽ സി.പി.ഐ ജില്ലാ നേതൃത്വത്തിന് അത്തരമൊരു നിലപാടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് തന്നെ വ്യക്തമാക്കിയതോടെ പാർട്ടിയിൽ സുനിൽകുമാർ കൂടുതൽ ഒറ്റപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു സി.പി.ഐ കൗൺസിലറും മേയറെ അനുകൂലിച്ചിരുന്നു. സി.പി.എം നേതാവ് വർഗീസ് കണ്ടംകുളത്തിയും മേയറെ പിന്തുണച്ചിരുന്നു,