മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിലെ നാലാം ദിനം ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോടാണ്. വിരലിലെണ്ണാവുന്ന വിക്കറ്റുകൾ ശേഷിക്കെ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യയെ ആശ്വാസതീരത്തെത്തിച്ചത് നിതീഷിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ്. സീനിയർ താരങ്ങൾ തോറ്റുമടങ്ങിയിടത്ത് കടുത്ത സമ്മർദങ്ങൾ അതിജീവിച്ച് നിലയുറപ്പിച്ച താരം നാലാം ദിനം കളി നിർത്തുമ്പോൾ 176 പന്തിൽ 105 റൺസുമായി പുറത്താകാതെ നിൽക്കുന്നുണ്ട്.
191-6 എന്നനിലയിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 4 ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള നിതീഷ് റെഡ്ഡി ക്രീസിലെത്തുന്നത്. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്ഷമയോടെ നിലയുറപ്പിച്ച് നേടിയ അർദ്ധശതകം റെഡ്ഡി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ചു. പിന്നാലെ വീരോചിതമായ സെഞ്ച്വറിയും. സ്‌കോട്ട് ബോളൻഡിന്റെ പന്തിൽ ബൗണ്ടറി പറത്തി സെഞ്ച്വറി തികയ്‌ക്കുമ്പോൾ സ്റ്റേഡിയത്തിൽ കാണികളിൽ ഒരാളായി നിന്ന നിതീഷിന്റെ പിതാവും മകന്റെ നേട്ടത്തിൽ വികാരാധീനനായി. യുവ ആൾറൗണ്ടറുടെ ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയിൽ സ്റ്റേഡിയം ഒന്നാകെ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.
“ഞങ്ങളുടെ കുടുംബത്തിന് ഇത് ഒരു പ്രത്യേക ദിവസമാണ്. ഈ ദിവസം ഞങ്ങളുടെ ജീവിതത്തിൽ മറക്കാൻ കഴിയില്ല. 14-15 വയസ്സ് മുതൽ അവൻ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. ഇപ്പോൾ അന്താരാഷ്‌ട്ര ക്രിക്കറ്റിലും. ഇത് വളരെ സവിശേഷമായ ഒരു വികാരമാണ്,” ആദം ഗിൽക്രിസ്റ്റിനോട് പ്രതികരിക്കവെ, നിതീഷ് റെഡ്ഡിയുടെ പിതാവ് മുതല്യ റെഡ്ഡി കണ്ണീരണിഞ്ഞു.
Absolute stuff of dreams ❤️
His father is in tears 🥹❤️
Nitish Kumar Reddy what a sensational knock— 𝘿 (@DilipVK18) December 28, 2024
മഴമൂലം നാലാം ദിനം നേരത്തെ കളി അവസാനിച്ചപ്പോൾ ഇന്ത്യ 116 ഓവറിൽ 358/9 എന്ന നിലയിലാണ്.