എംടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം. രണ്ടാംമൂഴം നോവൽ സിനിമയാകും. രണ്ട് ഭാഗമായാകും ചിത്രം പുറത്തിറങ്ങുക. സംവിധായകൻ മണിരത്നം ശുപാർശ ചെയ്ത സംവിധായകനാണ് സിനിമ ഒരുക്കുക. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യും. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
എംടിയുടെ കൂടി താത്പര്യ പ്രകാരം നേരത്തെ തന്നെ ഈ സിനിമ സംവിധായകനുമായി പ്രാരംഭ ചർച്ച തുടങ്ങിയിരുന്നു. ഈ സിനിമ മണിരത്നം സംവിധാനം ചെയ്യണമെന്നായിരുന്നു എംടിയുടെ ആഗ്രഹം. ആറ് മാസത്തോളം മണിരത്നത്തിന് വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും വലിയ കാൻവാസിൽ ഈ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് പറഞ്ഞ് മണിരത്നം പിന്നീട് പിന്മാറുകയായിരുന്നു.
മണിരത്നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ ശുപാർശ ചെയ്ത് നൽകിയത്. സംവിധായകൻ എംടിയുമായി ചർച്ച നടത്താൻ കോഴിക്കോട്ട് വരാനിരിരുന്നപ്പോഴാണ് അഞ്ച് മാസം മുൻപ് എംടിയെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാൽ കൂടിക്കാഴ്ച നടത്താനായില്ല.
രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വർഷങ്ങൾക്ക് മുൻപേ എംടി പൂർത്തിയാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം ദൈർഘ്യമുണ്ട്. പല വൻകിട കമ്പനികളും തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോയി. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങത് നീണ്ടുപോയതിനെ തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് തിരക്കഥ മകൾ അശ്വതി വി. നായരെ ഏൽപ്പിച്ചു. തുടർന്നാണ് സിനിമ എത്രയും വേഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്.
ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബവും ഉൾപ്പെടുന്ന കമ്പനിയും ചോർന്നാണഅ സിനിമ നിർമിക്കുക. വൈകാതെ തന്നെ സംവിധായകൻ കോഴിക്കോട്ടെത്തും. അദ്ദേഹവും എംടിയുടെ കുടുംബവും ചേർന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരം.