തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ കലവറയിൽ പതിവ് തെറ്റിക്കാതെ പഴയിടമെത്തും. ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാകും. ഇ-ടെൻഡറിലൂടെയാണ് കരാർ സ്വന്തമാക്കിയത്. 24 ലക്ഷം രൂപയാണ് കരാർ തുക.
ജനുവരി നാലിനാണ് കലോത്സവം ആരംഭിക്കുന്നത്. മൂന്നിന് എത്തുന്നവർക്ക് വൈകുന്നേരം അത്താഴം മുതൽ നൽകി തുടങ്ങും. അന്ന് രാവിലെ 10.30-ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുക്കള പാലുകാച്ചൽ നടത്തും. നാലം തീയതി മുതൽ മൂന്ന് നേരവും ഭക്ഷണമുണ്ടാകും. 10,000 പേർക്ക് വരെയുള്ള പ്രഭാത ഭക്ഷണവും 20,000 പേർക്ക് ഉച്ചഭക്ഷണവും 10,000 പേർക്കുള്ള അത്താഴവുമാകും ദിവസവും തയ്യാറാക്കുക.
പ്രഭാത ഭക്ഷണം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ഉച്ചയ്‌ക്കും രാത്രിയും തൊടുകറികൾ ഉൾപ്പടെ എട്ട് കറികൾ കൂട്ടിയുള്ള സദ്യയാണ്. ഉച്ചയ്‌ക്ക് പായസവുമുണ്ടാകും. മൂന്ന് നേരവും ഇലയിലാകും ഭക്ഷണം വിളമ്പുക. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും ഉൾപ്പടെ 350 പേരാകും ഭക്ഷണം വിളമ്പുക.
പുത്തരിക്കണ്ടം മൈതാനത്താണ് ‘നെയ്യാർ’ എന്ന് പേരിട്ടിരിക്കുന്ന പന്തൽ. പാചകപ്പുരയ്‌ക്ക് പുറമേ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിൽ 40,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് ഒരുക്കുന്നത്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് പന്തലിൽ സജ്ജമാക്കുന്നത്. ഓരോ നിരയ്‌ക്കും സദ്യവട്ടത്തിലെ ഓരോ വിഭവങ്ങളുടെ പേര് നൽകും.
കൊവിഡ് കാലത്തൊഴികെ 2006 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഇതിന് പുറമേ 14 തവണ സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കും 15 തവണ സ്കൂൾ ശാസ്ത്രമേളയ്‌ക്കും 70 ജില്ലാ കലോത്സവങ്ങൾക്കും പഴയിടമാണ് ഭക്ഷണമൊരുക്കിയത്.
ഇത്തവണ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. ഹരിതചട്ടം പാലിച്ചാകും ഭക്ഷണപ്പുര പ്രവർത്തിക്കുക. കൈ കഴുകാനുപയോഗിക്കുന്ന വെള്ളം പുനരുപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ സംസ്കരിക്കാനുള്ള സൗകര്യമൊരുക്കാൻ നഗരസഭയുമായി ചർച്ച നടക്കുകയാണെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ എ. നജീബ് പറഞ്ഞു.