തിരുവനന്തപുരം: മലയാളത്തിൽ യാത്ര പറഞ്ഞ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കാലാവധി തീർന്നാലും കേരളവുമായുള്ള ബന്ധം ഇനിയും തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും ഉണ്ടാവുക. കേരളത്തിൽ കഴിഞ്ഞതിന്റെ നല്ല ഓർമകളുമായാണ് പോകുന്നത്. എല്ലാവരെയും എന്നും ഓർക്കും. എല്ലാവർക്കും നല്ലത് വരട്ടെ എന്നാണ് അദ്ദേഹം മലയാളത്തിൽ പറഞ്ഞത്.
കേരള സർക്കാരിനും ഗവർണർ ആശംസകൾ അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സർക്കാരിന് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിട വാങ്ങുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും നല്ലത് മാത്രമാണ് എല്ലാവരെ കുറിച്ചും പറയാനുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് വർഷവും നാല് മാസവും പൂർത്തിയാക്കിയശേഷമാണ് ഗവർണറുടെ പടിയിറക്കം. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനു കുമാരി, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഗവർണറെ യാത്രയാക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു. തിരുവവന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിൽ എത്തുന്ന ഗവർണർ ബിഹാറിലേക്ക് പോകും. ജനുവരി രണ്ടിന് ബിഹാർ ഗവർണറായി ചുമതലയേൽക്കും.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് രാജ്യം ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ഔദ്യോഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ഗവർണർക്കുള്ള ഔദ്യോഗിക യാത്രയയപ്പ് ചടങ്ങും റദ്ദാക്കി. എന്നാൽ തലസ്ഥാനത്തുള്ള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സൗഹൃദ സന്ദർശനത്തിന് പോലും എത്താതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പടിയിറങ്ങുന്ന വേളയിലും സർക്കാർ മര്യാദ കാണിച്ചില്ലെന്നും പോരിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കേരള രാഷ്‌ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച ഗവർണറാണ് പടിയിറങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും പോർമുഖം തുറക്കാൻ ഗവർണർക്കായി. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാക്പോര് നടത്തിയും നടുറോഡിൽ വരെ ഇറങ്ങി പ്രതിഷേധക്കാരെ നേരിട്ടും ഗവർണർ താരമായി. വൈസ് ചാൻസലർ നിയമനം ശരിയായ രീതിയിലല്ല നടത്തിയതെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ്യത്ത് തന്നെ ആദ്യ സംഭവമായി മാറി.
പൊതുചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. എസ്എഫ്ഐ കുട്ടിസഖാക്കൾ വാളും പരിചയുമായി നടുക്കളത്തിലിറങ്ങിയപ്പോഴും ഒരടി പോലും പിന്നോട്ട് മാറാൻ ഗവർണർ കൂട്ടാക്കിയില്ല. സധൈര്യം അവരെ നേരിട്ടു. അങ്ങനെ സംഭവബഹുലമായ അര പതിറ്റാണ്ട് കേരളത്തിന് സമ്മാനിച്ചാണ് ഗവർണർ ബിഹാറിലേക്ക് തട്ടകം മാറ്റുന്നത്.