പുതുവത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിൽ അഭൂതപൂർവമായ തിരക്ക്. ഇതിനോടകം തന്നെ അയോദ്ധ്യയിലെയും ഫൈസാബാദിലെയും ഹോട്ടലുകളെല്ലാം ബുക്കിംഗ് അവസാനിച്ചതായാണ് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ ഭഗവാന്റെ അനുഗ്രഹം തേടി ലക്ഷകണക്കിാനളുകൾ എത്തുമെന്നാണ് വിലയിരുത്തൽ.
പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള ആദ്യ പുതുവത്സരത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. പ്രാണ പ്രതിഷ്ഠ ദിനത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു മാസത്തോളം തിരക്കേറാനാണ് സാധ്യത. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ട്രസ്റ്റ് ദർശനത്തിനുള്ള സമയം നീട്ടിയിട്ടുണ്ട്.
ജനുവരി 15 വരെ ഹോട്ടൽ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക ഹോട്ടൽ ഉടമയായ അങ്കിത് മിശ്ര പറഞ്ഞു. തിരക്കേറുന്ന പശ്ചാത്തലത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനയും ക്ഷേത്രത്തിന്റെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. രാമക്ഷേത്രം, ഹനുമാൻഗാർഹി, ലതാ ചൗക്ക്, ഗുപ്താർ ഘട്ട്, സൂരജ്കുണ്ഡ് തുടങ്ങിയ പ്രധാനയിടങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അയോദ്ധ്യ പൊലീസ് അറിയിച്ചു.