ശബരിമല: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ എസ്.ഐ ബി. പദ്മകുമാറിനാണ് സസ്‌പെൻഷൻ. നിലയ്‌ക്കലിൽ മദ്യപിച്ചെത്തി ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് ഇയാൾ അന്വേഷണം നേരിട്ടിരുന്നു.
കഴിഞ്ഞ 13 നായിരുന്നു സംഭവം. നിലയ്‌ക്കൽ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പദ്മകുമാറിന്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും തീർത്ഥാടകരോട് അപമര്യാദയായി പെരുമാറിയെന്നും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
തുടർന്ന് മേലുദ്യോഗസ്ഥർ ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഇതോടെ ഇയാൾക്കെതിരെ തുടർ അന്വേഷണത്തിന് ഉത്തരവിടുകയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.















