തിരുവനന്തപുരം: തച്ചോട്ടുകാവിൽ ഓടയ്‌ക്കുള്ളിൽ മൃതദേഹം. തച്ചോട്ടുകാവിൽ വാടകയ്‌ക്ക് താമസിക്കുന്ന വിദ്യാധരൻ (68) ആണ് മരിച്ചത്. കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ലാബിടാത്ത ഓട തകര ഷീറ്റ് കൊണ്ടായിരുന്നു മറച്ചിരുന്നത്. ഇതിൽ ചവിട്ടിയതിന്റെ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷീറ്റിൽ ചവിട്ടിയപ്പോൾ കാൽ വഴുതി ഓടയിൽ വീണതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മറ്റ് കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.