ന്യൂഡൽഹി : 39-ാമത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ ഗ്രാമം തേങ്ങുകയാണ്.ന്യൂഡൽഹിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള നസിറാബാദ്- ദൗലത്പൂർ അഥവാ കാർട്ടർ പുരി ആണ് ആ ഗ്രാമം. ഇന്ത്യ സന്ദർശിച്ച മൂന്നാമത്തെ അമേരിക്കൻ പ്രഥമപൗരനായിരുന്നു ജിമ്മി.1978 ജനുവരി 2 , 3 തീയതികളിലായിരുന്നു ജിമ്മി കാർട്ടറുടെ ഭാരത സന്ദർശനം.
പ്രധാനമന്ത്രി മൊറാർജി ദേശായിയും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും രാഷ്‌ട്രപതി ഭവനിൽ നടന്ന സ്വകാര്യ ചർച്ച
ഇന്ത്യയുമായി മറ്റൊരു തരത്തിൽ വ്യക്തിപരമായ ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. ജിമ്മി കാർട്ടറിന്റെ അമ്മ ലിലിയൻ കാർട്ടർ ഒരു നഴ്‌സായിരുന്നു, ലിലിയൻ 1960-കളുടെ അവസാനത്തിൽ പീസ് കോർപ്‌സിലെ അംഗമായി ആരോഗ്യ വോളൻ്റിയറായി ഇന്ത്യയിൽ ജോലി ചെയ്തിരുന്നു. ജയിൽദാർ സർഫറാസിന്റെ മാളികയിൽ താമസിച്ചിരുന്ന ലിലിയനെ നാട്ടുകാർ ഓർക്കുന്നുണ്ടായിരുന്നു. അവരുടെ മകൻ അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഗ്രാമവാസികൾ അത് ആഘോഷിച്ചു. അന്ന് ആ വാർത്ത മാദ്ധ്യമങ്ങളിൽ വന്നിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറെയും പത്നിയെയും സ്വീകരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി. വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയ് സമീപം
ജിമ്മി കാർട്ടർ എന്നും ഇന്ത്യയുടെ സുഹൃത്തായി കണക്കാക്കപ്പെട്ടിരുന്നു. 1977-ൽ അടിയന്തരാവസ്ഥ നീക്കം ചെയ്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുടെ വിജയമുണ്ടായപ്പോൾ അതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്നു അദ്ദേഹം.1978 ജനുവരി 2-ന് ഇന്ത്യൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത ജിമ്മി കാർട്ടർ സ്വേച്ഛാധിപത്യത്തിനെതിരെ ഉറക്കെ വ്യക്തമായി സംസാരിച്ചു.
ജനുവരി 3, 1978 — ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും രാഷ്‌ട്രപതി ഭവനിൽ ഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവക്കുന്നു.
ഒരു ദിവസത്തിനുശേഷം, അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയോടൊപ്പം ഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ” ഈ ബന്ധം പൗരനെ സേവിക്കാനാണ്, അല്ലാതെ ഭരണകൂടത്തെ സേവിക്കാനല്ല, പൗരനെ” അന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറും രാഷ്‌ട്രപതി ഭവനിൽ ഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവക്കുന്നു . (ന്യൂ ഡൽഹി, ജനുവരി 3, 1978).വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയ് സമീപം
കാർട്ടർ ഇന്ത്യ സന്ദർശിച്ചപ്പോൾ അടൽ ബിഹാരി വാജ്പേയ് ആയിരുന്നു നമ്മുടെ വിദേശകാര്യമന്ത്രി. മൊറാർജിയും ജിമ്മി കാർട്ടറും കൂടി ഒപ്പുവെച്ച ഡൽഹി പ്രഖ്യാപനം വാജ്പേയിയുടെ നയതന്ത്ര മികവിന്റെ ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
1978 ജനുവരി 3-ന് നസിറാബാദ്- ദൗലത്പൂർ ഗ്രാമം പ്രസിഡൻ്റ് ജിമ്മി കാർട്ടറെയും ശ്രീമതി റോസലിൻ കാർട്ടറെയും സ്വാഗതം ചെയ്യുന്നു.
“ദൗലത്പൂർ നസിറാബാദ്” ന്യൂഡല്ഹിക്ക് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഒരു ഗ്രാമമാണ്. ഇവിടെയായിരുന്നു ജിമ്മി കാർട്ടറുടെ അമ്മ ജോലി ചെയ്തിരുന്നത്. അമ്മ ജോലി ചെയ്ത സ്ഥലം കാണാൻ 1978 ജനുവരി 3 ന് കാർട്ടറും ഭാര്യ റോസലിൻ കാർട്ടറും ന്യൂഡൽഹിയിൽ നിന്ന് ദൗലത്പൂർ നസിറാബാദ് ഗ്രാമത്തിലേക്ക് പോയി. ഗ്രാമവാസികൾ അദ്ദേഹത്തെയും സംഘത്തെയും ഊഷ്മളമായി വരവേറ്റു. ഗ്രാമവാസികൾ മിസ്സിസ് കാർട്ടർക്ക് ഹരിയാൻവി വസ്ത്രങ്ങൾ നൽകി.
ദൗലത്പൂർ നസിറാബാദിൽ ഗ്രാമവാസികൾ അവൾക്ക് സമ്മാനിച്ച ഷാൾ റോസലിൻ കാർട്ടർ ധരിക്കുന്നു.
കാർട്ടർ അവിടെയുള്ളവർക്ക് പണവും ടെലിവിഷൻ സെറ്റും മറ്റും സംഭാവന ചെയ്യുകയും ചെയ്തു. തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ഉപദേശപ്രകാരം ജിമ്മി കാർട്ടറിന്റെ ബഹുമാനാർത്ഥം ഈ സ്ഥലത്തിന് കാർട്ടർപുരി എന്ന് പുനർനാമകരണം ചെയ്തു. അന്നുമുതൽ ‘കാർട്ടർപുരി’യിൽ ജനുവരി 3 അവധിയായി പ്രഖ്യാപിച്ചു.
കാർട്ടർ പ്രസിഡൻ്റായിരിക്കെ, വൈറ്റ് ഹൗസും ഈ വില്ലേജ് കൗൺസിലുമായി നിരന്തരം കത്തിടപാടുകൾ നടന്നിരുന്നു. ആ വർഷങ്ങളിൽ ജനുവരി 3 ന് ഈ ഗ്രാമത്തിലേക്ക് യുഎസ് അംബാസഡർ സമ്മാനങ്ങളുമായി വന്നിരുന്നു, അന്നേദിവസം സ്ത്രീകൾ ‘ഹൽവ-പുരി’ തയ്യാറാക്കി വെച്ച് അമേരിക്കൻ സംഘത്തെ കാത്തിരുന്നു.
ഇന്ത്യൻ പ്രസിഡൻ്റ് N സഞ്ജീവ റെഡ്ഡി, പ്രധാനമന്ത്രി മൊറാർജി ദേശായി, വിദേശകാര്യ മന്ത്രി എബി വാജ്‌പേയി എന്നിവരും യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിനൊപ്പം
1978 നും 1981 നും ഇടയിൽ ഇന്ത്യ സന്ദർശിച്ച മിക്ക അമേരിക്കൻ വിനോദസഞ്ചാരിയുടെയും യാത്രയുടെ ഭാഗമായിരുന്നു കാർട്ടർ പുരി. 2002 ൽ പ്രസിഡൻ്റ് കാർട്ടർ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയപ്പോഴും ഈ ഗ്രാമത്തിൽ ആഘോഷങ്ങൾ നടന്നു.
ലോകസമാധാനത്തിന് വളരെയധികം സംഭാവനകൾ നൽകിയ ജിമ്മി കാർട്ടർ നൂറാം വയസ്സിൽ അരങ്ങൊഴിയുമ്പോൾ ഹരിയാനയിലെ ഈ ഗ്രാമം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കു വെക്കുന്നു.
എഴുതിയത്: രഞ്ജിത് കാഞ്ഞിരത്തിൽ
Photo Courtesy : U.S. Embassy New Delhi