തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് മാവേട്ടുകോണിൽ വാടകയ്‌ക്ക് താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. 18 കിലോയിലധികം കഞ്ചാവാണ് എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് റൂറൽ ഡാൻസാഫ് സംഘവും പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വാടക വീട്ടിൽ പ്ലാസ്റ്റിക് ചാക്കുകളിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്.
ബാലരാമപുരം സ്വദേശിയിൽ നിന്നാണ് ദമ്പതികൾ കഞ്ചാവ് വാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ന്യൂ ഇയർ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന നടത്താനായിരുന്നു പദ്ധതി. ഇതിനായി ഒരുമാസം മുൻപാണ് ദമ്പതികൾ മലയൻകീഴിലെ വാടകവീട്ടിലേക്ക് മാറിയത്.
മോഷണ കേസുകളിൽ പ്രതിയാണ് വിജയകാന്തെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മാല പൊട്ടിക്കലിന് മലയൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.















