മെൽബൺ: ഇന്ത്യൻ താരം വിരാട് കോലിയെ തുടർച്ചയായി ലക്ഷ്യം വച്ച ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റന്റെ പുറകെയാണ്. മെൽബണിൽ നടന്ന നാലാം ടെസ്റ്റിനിടെ ക്യാച്ചുകൾ കൈവിട്ട ജയ്‌സ്വാളിനെതിരെ രോഷാകുലനായ ക്യാപ്റ്റൻ രോഹിത് ശർമയെയാണ് മാദ്ധ്യമങ്ങൾ പരിഹസിക്കുന്നത്. എഡിറ്റ് ചെയ്ത രോഹിത്തിന്റെ കരയുന്ന ചിത്രത്തോടൊപ്പം “ക്യാപ്റ്റൻ ക്രൈ ബേബി” എന്ന തലക്കെട്ടോടെയാണ് ഓസ്‌ട്രേലിയൻ പത്രത്തിന്റെ സ്പോർട്സ് പേജ് പ്രസിദ്ധീകരിച്ചത്. കോലി മാത്രമല്ല ഇന്ത്യൻ ടീമിലെ ഭീരുവെന്നും പത്രം പരിഹസിച്ചു.
പെർത്തത് ആസ്ഥാനമായി പ്രവർത്തിക്കുന്ന “ദി വെസ്റ്റ് ഓസ്‌ട്രേലിയൻ” എന്ന ടാബ്ലോയിഡാണ് വിവാദ പ്രസിദ്ധീകരണത്തിന് പിന്നിൽ. മുൻപ് കോലിയെ കോമാളിയെന്നും ഇന്ത്യക്കാരനായ ഭീരുവെന്ന് വിളിച്ച് പരിഹസിച്ചതും ഇതേ പത്രമായിരുന്നു. ടീമംഗങ്ങളുടെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച രോഹിത്തിന്റെ ശരീരഭാഷ കമന്റേറ്റർമാരുടെയും വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
നാലാം ടെസ്റ്റിനിടെ കളിയുടെ ഗതി മാറ്റി മറിച്ചേക്കാവുന്ന മൂന്ന് പ്രധാനപ്പെട്ട ക്യാച്ചുകളാണ് യുവതാരം യശസ്വി ജയ്‌സ്വാൾ കൈവിട്ടത്. 46 റൺസെടുത്ത് നിലയുറപ്പിച്ച ലെബുഷെയ്‌നെ പുറത്താക്കാനുള്ള അവസരമാണ് താരം നഷ്ടപ്പെടുത്തിയത്. സ്ലിപ്പിൽ നിന്ന ജയ്‌സ്വാൾ താരതമ്യേന ലളിതമായി തോന്നിയ ക്യാച്ച് കൈവിടുകയായിരുന്നു. കോലിയും ബ്ലൗളർ ആകാശ് ദീപുമെല്ലാം ഇതുകണ്ട് നിരാശരായെങ്കിലും ക്യാപ്റ്റന്റെ രോഷപ്രകടനമാണ് അതിരുകടന്നത്.
ഇന്ത്യൻ നായകന്റെ പ്രതികരണം തനിക്ക് ഇഷ്ടമായില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റർ മൈക്ക് ഹസി പറഞ്ഞു. ഈ ഘട്ടത്തിൽ ആരായാലും നിരാശരാകും. അത് അംഗീകരിക്കുന്നു. അയാൾക്ക് ആ വിക്കറ്റ് ആവശ്യമായിരുന്നു. പക്ഷെ ഏത് അവസരത്തിലും ശാന്തത കൈവരിക്കേണ്ടതും സമാധാനത്തോടെ ടീമംഗങ്ങൾക്ക് പിന്തുണ നൽകേണ്ടതും ക്യാപ്റ്റനാണ്. ആരും ക്യാച്ച് കളയണം എന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്യുന്നില്ല,” താരം പറഞ്ഞു.
The back page of tomorrow's The West Australian. pic.twitter.com/Qomh2WhlST
— The West Sport (@TheWestSport) December 29, 2024